മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതു സംബന്ധിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ഒരു മാസം ചെലവ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്
തുടയെല്ലുപൊട്ടിയ യുവാവിനെ ശസ്ത്രക്രിയ നൽകാതെ വെൻ്റിലേറ്ററിലാക്കിയെന്ന ആരോപണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂനാഥ് നിർദേശം നൽകി. ഡിസംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരിൽ വച്ചു നടന്ന മിലിട്ടറി റിക്രൂട്ട്മെൻ്റിലെ കൂട്ടയോട്ടത്തിനിടെ വീണ അശ്വിൻ്റെ തുടയെല്ല് പൊട്ടിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അശ്വിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, മജ്ജ രക്തത്തിൽ കലർന്ന് പക്ഷാഘാതം വരാനുള്ള സാധ്യത വരെയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു.
ALSO READ: ശസ്ത്രക്രിയ വൈകിപ്പിച്ചു; ഡോക്ടർമാരുടെ അനാസ്ഥ, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
ആദ്യ ഘട്ടത്തിൽ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിദേശം നൽകിയിരുന്നു. ഇതോടെ അന്ന് രാത്രി തന്നെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് അശ്വിനെയും കൂട്ടിയെത്തിയ കുടുംബം വൈകീട്ട് മുന്നുമണി വരെ അവിടെ തന്നെ നിന്നു. ശസ്ത്രക്രിയ വൈകിയെന്നു മാത്രമല്ല, ചെയ്യാൻ പറ്റില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. പിന്നീടാണ് വെള്ളിയാഴ്ച മാത്രമേ ശസ്ത്രക്രിയ നടക്കുകയുള്ളൂവെന്ന് ഡോക്ടർമാർമാർ അറിയിച്ചത്.
പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മജ്ജ രക്തത്തിൽ കലർന്ന് ഫാറ്റ്എംബോളിയം എന്ന രോഗാവസ്ഥയിലെത്തിയിരുന്നു. ഏകദേശം എട്ടു ദിവസത്തിലധികം നാൾ അശ്വിൻ വെൻ്റിലേറ്ററിൽ കഴിയേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ അശ്വിൻ കോമ പോലെയുള്ള അവസ്ഥയിലാണ് ഉള്ളത്.
ALSO READ: സ്ത്രീകളിലെ പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസിക വൈകല്യമല്ല: ഹൈക്കോടതി
അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടും, ചെയ്യാൻ പറ്റില്ലെന്ന് അധികൃതർ അറിയിച്ചാൽ ഇവർക്ക് മറ്റ് ആശുപത്രികളെ സമീപിക്കാമായിരുന്നു. എന്നിട്ടും അധികൃതർ ഇത് പറയാത്തതിനെ തുടർന്ന് കുടുംബം മെഡിക്കൽ കോളേജിൽ തന്നെ നിലയുറപ്പിച്ചു. പിന്നീട് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളേജിൽ മതിയായ ജീവനക്കാരില്ലെന്ന് പറഞ്ഞു കൊണ്ടാണ് അധികൃതർ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യം നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതു സംബന്ധിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ഒരു മാസം ചെലവ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്.