
മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരം തൊട്ടു. രാത്രി 8:30 ഓടെ കാറ്റഗറി 3 ചുഴലിക്കാറ്റായാണ് പതിച്ചത്. മണിക്കൂറിൽ 120 കി.മീ. വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ടമ്പാ, സെൻ്റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാത്രി പതിനൊന്നോടെ ചുഴലിക്കാറ്റ് കാറ്റഗറി 2 ആയി കുറഞ്ഞെങ്കിലും ഇപ്പോഴും അപകടകരമായി തന്നെ കണക്കാക്കുന്നു. തിരമാലകൾ 14 അടി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 125 ഓളം വീടുകൾ പൂർണമായും നശിച്ചു. ഫ്ലോറിഡയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന ക്ഷാമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോഴും കനത്ത കാറ്റും മഴയുമാണ്.
ചുഴലിക്കാറ്റുമൂലം നിരവധിപ്പേർക്ക് വൈദ്യുതി ബന്ധം നഷ്ടമായി. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഇതിനോടകം മാറ്റി പാർപ്പിക്കുകയുണ്ടായി. രണ്ടായിരത്തോളം വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. 24 മണിക്കൂറിനുള്ളിൽ കാറ്റഗറി 1 ൽ നിന്ന് കാറ്റഗറി 5 ലേക്ക് വളർന്ന മിൽട്ടൺ അറ്റ്ലാൻ്റിക് സമുദ്രത്തിലെ മൂന്നാമത്തെ ഏറ്റവും വേഗതയേറിയ ചുഴലിക്കാറ്റായി മാറി. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള ചുഴലിക്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം.
ഒരു നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റായിരിക്കും മിൽട്ടൺ ചുഴലിക്കാറ്റെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു. ഗവർണർ ഒഴിയണമെന്ന് നിർദേശിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന ഫ്ലോറിഡക്കാർ, ജീവൻ നിലനിർത്താനുള്ള നിർദേശമായി കണ്ട് എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്നും പ്രസിഡൻ്റ് നിർദേശിച്ചു. മേഖലയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചുവെന്നും ചുഴലിക്കാറ്റിൻ്റെ പശ്ചാതലത്തിൽ ജനങ്ങൾക്ക് ആവശ്യപ്പെടുന്ന സൗകര്യങ്ങളെല്ലാം നൽകുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോൾ ഫ്ലോറിഡയിൽ നടന്നുകൊണ്ടിരിക്കുന്നത്. ആളുകൾക്ക് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുമാറാനുള്ള സമയം വളരെ വേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ഗവർണർ റോൺ ഡിസാൻ്റിസ് മുന്നറിയിപ്പ് നൽകി. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടമ്പയിലേക്ക് നീങ്ങുകയാണെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് എൻഎച്ച്സി നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.