ഒന്നുകിൽ താൻ അല്ലെങ്കിൽ പൂച്ച; ഭർത്താവിനെതിരെ യുവതിയുടെ പരാതി, തർക്കം കോടതിയിലെത്തി

ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കോടതി ഇടപെട്ട് കേസിൽ തുടരന്വേഷണം നിർത്തിവച്ചിരിക്കുകയാണ്.
ഒന്നുകിൽ താൻ അല്ലെങ്കിൽ പൂച്ച; ഭർത്താവിനെതിരെ യുവതിയുടെ പരാതി, തർക്കം കോടതിയിലെത്തി
Published on

വളർത്തുമൃഗങ്ങളോടുള്ള സ്നേഹം അധികമാകുന്നത് സാധാരണകാര്യമാണ്. പക്ഷെ ആ സ്നേഹം അതിരുകടന്നാൽ ചിലപ്പോ കോടതി കയറേണ്ടിവരും. അത്തരമൊരു മുന്നറിയിപ്പ് നൽകുന്ന വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നുള്ള ഒരു യുവാവിനെതിരെ ഭാര്യ നൽകിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഭർത്താവിന് തന്നേക്കാൾ പ്രധാനം വീട്ടിലെ പൂച്ചയാണ് എന്നും ഇതിന്റെ പേരിൽ എന്നും വീട്ടിൽ താനും ഭർത്താവും തമ്മിൽ തർക്കങ്ങൾ നടക്കുന്നു എന്നുമായിരുന്നു ഭാര്യയുടെ പരാതി.

കേൾക്കുമ്പോൾ ഒരു വീട്ടിൽ നടക്കുന്ന സാധാരണ തർക്കമായി തോന്നാമെങ്കിലും സംഭവം കേസായിക്കഴിഞ്ഞിരിക്കുന്നു.പക്ഷെ ഭർത്താവിന് പൂച്ചയോടുള്ള അമിത സ്നേഹം വീട്ടിൽ വഴക്കിന് കാരണമാകുന്നുവെന്നാണ് ഭാര്യയുടെ ആരോപണം. പൂച്ച തന്നെ മാന്തിയെന്നും യുവതി ആരോപിക്കുന്നു. ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കോടതി ഇടപെട്ട് കേസിൽ തുടരന്വേഷണം നിർത്തിവച്ചിരിക്കുകയാണ്.

കോടതിയുടെ നിരീക്ഷണമനുസരിച്ച് സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങൾക്ക് കാരണം, പകരം പൂച്ചയെ ചൊല്ലിയുള്ള തർക്കമാണ് ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണം എന്നാണ്. ഭർത്താവ് പൂച്ചയെ കൂടുതൽ ശ്രദ്ധിക്കുന്നതായാണ് ഭാര്യയുടെ പരാതി. അത് തർക്കങ്ങൾക്ക് കാരണമായി. പൂച്ച യുവതിയെ പലതവണ ഉപദ്രവിക്കുകയും ചെയ്തത് സ്ഥിതി കൂടുതൽ വഷളാക്കി.

കേസെടുത്തപ്പോൾ ചുമത്തിയ ഐപിസി സെക്ഷനുകളുടെ പരിധിയിൽ വരുന്നതല്ല ഈ പ്രശ്നമെന്നും കോടതി നിരീക്ഷിച്ചു.ഇത്തരം ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളായി കോടതിയുടെ മുന്നിലെത്തുന്നത് നീതിന്യായ വ്യവസ്ഥയെ യഥാർ‌ത്ഥത്തിൽ ബുദ്ധിമുട്ടിക്കുന്നതാണ് എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com