ആണുങ്ങള്‍ക്ക് എന്തുമാകാം... രണ്ട് ഭാര്യമാരുമാകാം; കന്നഡ നടന്‍ ദർശനെ അനുകരിച്ച് ഭർത്താവ്; ജീവനൊടുക്കി ഭാര്യ

പ്രതിയെ ഹുളിമാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്
ആണുങ്ങള്‍ക്ക് എന്തുമാകാം... രണ്ട് ഭാര്യമാരുമാകാം; കന്നഡ നടന്‍ ദർശനെ അനുകരിച്ച് ഭർത്താവ്; ജീവനൊടുക്കി ഭാര്യ
Published on

ബെംഗളൂരുവില്‍ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി. ഹുളിമാവ് പ്രദേശത്തെ അക്ഷയ് നഗർ സ്വദേശിനി അനുഷയാണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഭർത്താവ് ശ്രീഹരിയുടെ മർദനം സഹിക്കാന്‍ പറ്റാതെയാണ് ഇത്തരത്തില്‍ പ്രവർത്തിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനുഷയെ രക്ഷിക്കാനായില്ല.

മറ്റൊരു സ്ത്രീയെ കല്ല്യാണം കഴിച്ച് സുഖമായി ജീവിക്കുമെന്ന് പറഞ്ഞാണ് ശ്രീഹരി അനുഷയെ മർദിച്ചുകൊണ്ടിരുന്നത്. അതിന് പ്രചോദനമോ നടന്‍ ദർശനും. "ആണുങ്ങള്‍ക്ക് എന്തും ചെയ്യാം, എന്നിട്ട് രക്ഷപ്പെടാം". ക്രൂരമായി മർദിക്കുന്ന സമയങ്ങളില്‍ അനുഷയോട് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

അനുഷയുടെ അമ്മ രേണുക പറയുന്നത് പ്രകാരം, നടന്‍ ദർശന്‍റെ ആരാധകനായിരുന്നു ശ്രീഹരി. സ്ക്രീനിലെ ദർശനേക്കാള്‍ നടന്‍റെ സ്വകാര്യജീവിത രീതികളോടായിരുന്നു ശ്രീഹരിക്ക് പ്രിയം. ദർശന്‍ രണ്ട് ഭാര്യമാർക്കൊപ്പം കഴിയുന്നുവെന്നത് വലിയ ഒരു കാര്യമായാണ് ശ്രീഹരി വീട്ടില്‍ പറഞ്ഞിരുന്നത്. അത്തരം കാര്യങ്ങളില്‍, ആണുങ്ങള്‍ക്ക് എന്തും ചെയ്യാമെന്നായിരുന്നു ശ്രീഹരിയുടെ വാദം. ഭാര്യയോട് ഈ കാര്യങ്ങള്‍ നിരന്തരം പറഞ്ഞിരുന്നതായി രേണുക പറയുന്നു.

"അനുഷയെ ശ്രീഹരി എന്നും ഉപദ്രവിക്കുമായിരുന്നു. മകൾ എന്നോട് എല്ലാം പറയും. നടന്‍ ദർശന്‍റെ പേര് ഉപയോഗിച്ചാണ് അവളുടെ ഭർത്താവ് എല്ലാത്തിനേയും ന്യായീകരിച്ചിരുന്നത്. 15 ദിവസം മുന്‍പ് കൈമുറിച്ച ശേഷം ഡിവോഴ്സ് ആവശ്യപ്പെടരുതെന്ന് മകൾ പറഞ്ഞിരുന്നു", രേണുക പറഞ്ഞു.


അനുഷ ജീവനൊടുക്കിയ ദിവസത്തെ സംഭവങ്ങളും രേണുക ഓർത്തെടുത്തു. വ്യാഴാഴ്ച അനുഷ രേണുകയോട് കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് കിടപ്പുമുറിയിലേക്ക് പോയി. മുറിയിലെ ബാത്റൂമില്‍ കയറി ശ്രീഹരിയെ വീഡിയോ കോള്‍ ചെയ്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ പോകുകയാണെന്ന് പറഞ്ഞു. ചെയ്യേണ്ടെങ്കിൽ സ്വഭാവം മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീഹരി തീകൊളുത്തിക്കൊള്ളാന്‍ പറയുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ശ്രീഹരി രേണുകയെ വിളിച്ച് സംഭവം അറിയിച്ചു. രേണുക മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

"ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരു പെണ്‍കുട്ടിക്കും എന്‍റെ മകള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വരാന്‍ പാടില്ല. പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തവർക്കെ ഈ സമയത്തെ യാതനകള്‍ അറിയാന്‍‌ സാധിക്കൂ. ശ്രീഹരി അല്‍പം മുന്‍പ് എന്നെ വിവരം അറിയിച്ചിരുന്നെങ്കില്‍ എനിക്ക് അവളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു", രേണുക പറഞ്ഞു.


അനുഷയുടെ മുന്‍പില്‍ വെച്ച് ശ്രീഹരി മറ്റ് സ്ത്രീകളെപ്പറ്റി സംസാരിക്കുകയും അവരുമായി വീഡിയോ കോള്‍ ചെയ്യുകയും ചെയ്തിരുന്നു. അനുഷയെ പ്രകോപിപ്പിക്കാനായി ലൗഡ് സ്പീക്കറിലിട്ടായിരുന്നു ശ്രീഹരിയുടെ ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍. ഇത്രയും സംഭവിച്ചിട്ടും അനുഷ ശ്രീഹരിയെ പിരിയാന്‍ തയ്യാറായില്ല. കുട്ടിയുടെ ഭാവിയെ ഓർത്തായിരുന്നു ആ തീരുമാനം എന്നാണ് രേണുക പറയുന്നത്.

ശ്രീഹരി ഭാര്യയെ നിർബന്ധപൂർവം അശ്ലീല വീഡിയോ കാട്ടിയ ശേഷം ലൈംഗികബന്ധത്തില്‍ ഏർപ്പെടാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും പൊലീസ് പറയുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ രണ്ട് മാസമായി ശ്രീഹരി ഭാര്യയെ ഉപദ്രവിച്ചു വരികയായിരുന്നു. ഓഫീസിലെ സമ്പന്നയായ ഒരു സ്ത്രീയുമായി ശ്രീഹരിക്ക് ബന്ധമുണ്ടെന്നും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു. പ്രതിയെ ഹുളിമാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com