
പാലക്കാട് ഉപ്പും പാടത്ത് ഭാര്യയെ കുത്തിക്കൊന്നു. തോലന്നൂർ സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ ആശുപത്രിയിലേക്ക് മാറ്റി. തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പും പാടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. വീടിനുള്ളിൽ നിന്ന ബഹളം കേട്ട് മകൾ വന്നുനോക്കിയപ്പോൾ രണ്ടുപേരെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് പൊലീസിനോട് പറഞ്ഞത്.
ഉടൻ തന്നെ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേർക്കും വയറിനാണ് മുറിവ് പറ്റിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പ്രാഥമിക നിഗമനം.