ഭാര്യയെ നടുറോഡില്‍ സിമന്റ് കട്ട കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; ആക്രമണം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് പിന്നാലെ

2024 ഒക്ടോബറിലാണ് ഇന്റീരിയര്‍ ഡിസൈനറായ ബസ്രത്തും കൊല്‍ക്കത്തയില്‍ നിന്നുള്ള ഷബാന പര്‍വീണും പ്രണയിച്ച് വിവാഹിതരാകുന്നത്.
ഭാര്യയെ നടുറോഡില്‍ സിമന്റ് കട്ട കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; ആക്രമണം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് പിന്നാലെ
Published on



ഹൈദരാബാദില്‍ ഗര്‍ഭിണിയായ ഭാര്യയെ നടുറോഡില്‍ സിമന്റ് കട്ട കൊണ്ട് ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. രണ്ട് മാസം ഗര്‍ഭിണിയായ ഷബാന പര്‍വീണിനെ റോഡിലേക്ക് തള്ളിയിട്ട് സിമന്റുകട്ട കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. ഭര്‍ത്താവ് മുഹമ്മദ് ബസ്രത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ ഷബാന നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2024 ഒക്ടോബറിലാണ് ഇന്റീരിയര്‍ ഡിസൈനറായ ബസ്രത്തും കൊല്‍ക്കത്തയില്‍ നിന്നുള്ള ഷബാന പര്‍വീണും പ്രണയിച്ച് വിവാഹിതരാകുന്നത്. തുടര്‍ന്ന് ഹഫീസ്‌പേട്ടിലെ ആദിത്യനഗറില്‍ ഒരുമിച്ച് താമസവും തുടങ്ങി. മാര്‍ച്ച് 29ന് ഛര്‍ദ്ദിയെ തുടര്‍ന്ന് ഷബാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ഡിസ്ചാര്‍ജായി. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. ബസ്രത്ത് ഷബാനയെ ചവിട്ടി. അവള്‍ നിലത്ത് വീണതും സമീപത്ത് കിടന്ന സിമന്റ് കട്ടയെടുത്ത് ബസ്രത്ത് അവളുടെ തലയില്‍ തുടരെ ഇടിക്കുകയായിരുന്നു.


ഷബാന മരിച്ചുവെന്ന് കരുതിയ ബസ്രത്ത് ഉടനെ തന്റെ മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു. റോഡില്‍ പരിക്കേറ്റ നിലയില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഷബാനയെ ആശുപത്രിയിലെത്തിച്ചത്. അവര്‍ പൊലീസിലും വിവരമറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോമയിലായ ഷബാന നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ഗച്ചിബൗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ ബസ്രത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com