ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ മകന്‍ പ്രതിയായതോടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി കഴിയുകയായിരുന്നു ഇരുവരും
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
Published on

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ചാവക്കാട് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പോലീസിന് മുന്നില്‍ ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇരുവരും സ്റ്റേഷനില്‍ എത്തിയത്.


ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ മകന്‍ പ്രതിയായതോടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി കഴിയുകയായിരുന്നു ഇരുവരും. മകന്‍ ചെയ്ത തെറ്റില്‍ മനംനൊന്തും നാണക്കേടും കൊണ്ടാണ് ക്ഷേത്രദര്‍ശനം നടത്തിയിരുന്നത്. കുറച്ചു ദിവസമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ഇരുവരും നിലവില്‍ കേസില്‍ പ്രതികളല്ല.


മാതാപിതാക്കളുടെ മൊഴിയെടുക്കാനായി തിരുവനന്തപുരം പേട്ട പൊലീസ് തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.


പിന്നാലെ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതായിരുന്നു പൊലീസ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.


സംഭവത്തില്‍ സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ സുകാന്ത് ഒളിവിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com