വെടിനിർത്തല്‍ കരാർ പ്രകാരം തെക്കന്‍ ലബനനില്‍ നിന്ന് ഐഡിഎഫ് പിന്മാറുന്നു, അഞ്ചു പോസ്റ്റുകളില്‍ സൈന്യം തുടരും

യുഎസിൻറെ മധ്യസ്ഥതയിൽ നവംബർ 27ന് പ്രാബല്യത്തിൽ വന്ന ലെബനൻ വെടിനിർത്തൽ കരാർ പ്രകാരം, 60 ദിവസത്തെ സമയമാണ് സമ്പൂർണ സെെനിക പിന്മാറ്റത്തിനായി ഇസ്രയേലിന് അനുവദിച്ചിരുന്നത്.
വെടിനിർത്തല്‍ കരാർ പ്രകാരം തെക്കന്‍ ലബനനില്‍ നിന്ന് ഐഡിഎഫ് പിന്മാറുന്നു, അഞ്ചു പോസ്റ്റുകളില്‍ സൈന്യം തുടരും
Published on


ലെബനന്‍ വെടിനിർത്തലിന്‍റെ ഭാഗമായി തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ സെെന്യം ഇന്ന് പിന്മാറ്റമാരംഭിക്കും.. തന്ത്രപ്രധാനമായ 5 പോസ്റ്റുകളില്‍ ഐഡിഎഫിന്‍റെ സാന്നിധ്യം തുടരുമെന്നാണ് റിപ്പോർട്ട്. സമയപരധിക്കപ്പുറം സെെന്യം തുടർന്നാല്‍ അധിനിവേശമായി പരിഗണിക്കുമെന്നാണ് ഹെസ്ബൊള്ളയുടെ മുന്നറിയിപ്പ്.


യുഎസിൻ്റെ മധ്യസ്ഥതയിൽ നവംബർ 27ന് പ്രാബല്യത്തിൽ വന്ന ലബനൻ വെടിനിർത്തൽ കരാർ പ്രകാരം, 60 ദിവസത്തെ സമയമാണ് സമ്പൂർണ്ണ സെെനിക പിന്മാറ്റത്തിനായി ഇസ്രയേലിന് അനുവദിച്ചിരുന്നത്. ഈ സമയത്തിനുള്ളിൽ തെക്കൻ ലബനൻറെ നിയന്ത്രണം ലെബനൻ സെെന്യത്തിന് കെെമാറി ഐഡിഎഫ് പിന്മാറണമെന്നായിരുന്നു കരാർ.

ഈ സമയപരിധി ജനുവരി 26ന് അവസാനിച്ചു. ലബനൻ ഭരണകൂടത്തിൻറെ നീക്കങ്ങൾ മന്ദഗതിയിലാണെന്നും സുരക്ഷാവിന്യാസത്തിൽ തൃപ്തിയില്ലെന്നും വാദിച്ച ഇസ്രയേൽ യുഎസിൻറെ അനുമതിയോടെ സമയപരിധി ഫെബ്രുവരി 18 വരെ നീട്ടി.

നീട്ടിയ സമയപരിധിക്കപ്പുറവും ലെബനനിലെ അഞ്ചുതന്ത്രപ്രധാനമായ പോസ്റ്റുകളിൽ ഐഡിഎഫ് സാന്നിധ്യം തുടരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇസ്രയേൽ അതിർത്തി പട്ടണമായ ഷ്‌ലോമിക്ക് എതിർവശത്തുള്ള ലബനൻ കുന്നുകളിലെ അഞ്ചുപോസ്റ്റുകളിലാണ് സെെന്യം തുടരുക. ലിറ്റാനി നദിക്ക് അപ്പുറത്തേക്ക് ഹെസ്ബൊള്ള പൂർണ്ണമായി പിന്മാറുംവരെ അനിശ്ചിതകാലത്തേക്കാണ് സെെനിക വിന്യാസം.

ചൊവ്വാഴ്ചയ്ക്കുശേഷം ലബനനിൽ നിലയുറപ്പിക്കുന്ന സെെന്യത്തെ അധിനിവേശ സെെന്യമായി പരിഗണിക്കുമെന്ന് ഹെസ്ബൊള്ളയുടെ മുന്നറിയിപ്പുണ്ട്. ഇസ്രയേലിൻറെ സമ്പൂർണ്ണ പിന്മാറ്റത്തിന് സമ്മർദ്ദം ചെലുത്തണമെന്ന് പ്രസിഡൻ്റ് ജോസഫ് ഔണിനോട് ഹെസ്ബൊള്ള ആവശ്യപ്പെട്ടു. സെെന്യം പിന്മാറിയാലും, ഹെസ്ബൊള്ളയുടെ ഭീഷണികളോട് തിരിച്ചടിക്കുമെന്ന് ഇസ്രയേലും പറയുന്നു.

ഈ നിലയ്ക്ക്- ഇരുവിഭാഗവും അംഗീകരിക്കുന്ന മറ്റുസാധ്യതകളും പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സെെന്യത്തിന് പകരം, സ്വന്തം സെെന്യത്തെ അതിർത്തികളിൽ വിന്യസിക്കാൻ ഫ്രാൻസ് സന്നദ്ധയറിയിച്ചിട്ടുണ്ട്. ഫ്രഞ്ചുസെെന്യമടങ്ങുന്ന യുഎൻ സമാധാനസേനയെ പകരം വിന്യസിക്കാനുള്ള പദ്ധതിയും മധ്യസ്ഥതരുടെ പരിഗണനയിലുണ്ടെന്നാണ് റോയിട്ടേഴ്സിന്റെ ഉൾപ്പടെ റിപ്പോർട്ട്.

അനിഷ്ടസംഭവങ്ങളില്ലാതെ ചൊവ്വാഴ്ചയ്ക്കുശേഷവും വെടിനിർത്തൽ തുടർന്നാൽ, ഹെസ്ബൊള്ളയുടെ റോക്കറ്റ് ആക്രമണങ്ങളെതുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട വടക്കൻ ഇസ്രായേലിലെ പതിനായിരങ്ങൾക്ക് മാർച്ച് 2 ഓടെ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യമൊരുങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com