റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നത് ന്യൂസ് മലയാളം വാർത്തയിലൂടെയാണ്
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മൂന്ന് മലയാളികൾ ഇന്ത്യയില്‍ തിരിച്ചെത്തി. മലയാളി യുവാക്കൾ അടങ്ങിയ 11 ആംഗ സംഘം ആണ് ഇന്ന് പുലർച്ചെ ഡൽഹിയിൽ എത്തിയത്. റിനിൽ തോമസ് , സന്തോഷ് ഷൺമുഖന്‍ എന്നിവർ വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തും. സിബി ബാബു രാത്രി 9.30 യോടെയായിരിക്കും തിരുവനന്തപുരത്ത് എത്തുക.
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നത് ന്യൂസ് മലയാളം വാർത്തയിലൂടെയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും വാർത്തയിൽ വേഗത്തിൽ ഇടപെട്ടതോടെയാണ് 15 ദിവസത്തിനുള്ളിൽ ഇവരുടെ മോചനം സാധ്യമായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ച തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ , ബിനിൽ ബാബു എന്നീ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്. ഇവരിൽ തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും, ജെയ്ൻ കുര്യനും ഇപ്പോഴും യുദ്ധമുഖത്ത് തന്നെയാണ് കഴിയുന്നതെങ്കിലും ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം.
ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്‍റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.