ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ചോദ്യം ചെയ്യലിനായി പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ചോദ്യം ചെയ്യലിനായി ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. ദിവ്യയെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് അപേക്ഷ നൽകിയത് പ്രകാരമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പിപി ദിവ്യ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കസ്റ്റഡി അപേക്ഷയെ ദിവ്യയുടെ അഭിഭാഷകൻ എതിർത്തില്ല.
അതിനിടെ ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശേരി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ ജാമ്യഹർജി ഫയൽ ചെയ്തത്. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള ജില്ലാ കളക്ടറുടെ മൊഴിയും ജാമ്യഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ടി.വി. പ്രശാന്ത് വിജിലൻസിന് നൽകിയ മൊഴി, കുറ്റ്യാട്ടൂരിലെ കെ. ഗംഗാധരൻ്റെ എഡിഎമ്മിനെതിരായ പരാതി തുടങ്ങിയവ പൊലീസ് കോടതിയിൽ ഹാജരാക്കിയില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ ദിവ്യയെ കഴിഞ്ഞ ദിവസമാണ് റിമാൻഡ് ചെയ്തത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.
ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിലുണ്ടായിരുന്നത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളി. വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി. ദിവ്യയുടെ പ്രവർത്തി ദുരുദ്ദേശപരമാണ് എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ പിപി ദിവ്യ, അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.