
ഇന്ന് കേരള മുൻ മുഖ്യമന്ത്രിയായ പി.കെ. വാസുദേവൻ്റെ ചരമദിനം. ലാളിത്യം മുഖമുദ്രയാക്കിയ നേതാവിൻ്റെ വിയോഗത്തിനിപ്പുറം 19 വർഷങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവായ ഇദ്ദേഹം 1978ലാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1957, 1962, 1967, 2004 എന്നീ വർഷങ്ങളിൽ ലോക്‌സഭയിലും 1977, 1980 എന്നീ വർഷങ്ങളിൽ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ വേളയിലാണ് പി.കെ. വാസുദേവൻ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഐയുടേയും സിപിഎമ്മിൻ്റെയും ബന്ധം ശക്തമാക്കുന്നതിനും, ഇടതുപക്ഷ മുന്നണിയുടെ രൂപീകരണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി 1979ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
രാജ്യത്ത് സ്വാതന്ത്ര്യ സമരത്തിൻ്റെ തീജ്വാലകൾ പടരുന്ന സമയത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമാകുകയും, രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും ചെയ്തതോടെ ജീവിതം വിപ്ലവത്തിലേക്ക് ചുവട് വെച്ചു. തിരുവിതാംകൂറിലെ ഭരണാധികാരികൾക്കെതിരെ ശബ്‌ദമുയർത്തിയതിന് ജയിൽശിക്ഷയാണ് പി.കെ.വിയെ കാത്തിരുന്നത്.
അധികാരത്തിൽ എത്തിയപ്പോഴും അധികാരക്കസേരയിൽ നിന്ന് രാജിവെച്ചപ്പോഴും, പെരുമാറ്റത്തിലും അതുവരെ പിന്തുടർന്ന രീതിയിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്നുവെങ്കിൽ തറവാട്ടിലെ നായരായി ജീവിതം ജീവിച്ച് തീർക്കേണ്ടി വന്നേനെയെന്നായിരുന്നു പി.കെ.വി കുറിച്ചത്.