
ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥി തോക്ക് ഉപയോഗിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി പൊലീസ്. തോക്കിൻ്റെ ഉടമ ഇരവുകാട് സ്വദേശി ധനേഷാണെന്ന് പൊലീസ് കണ്ടെത്തി. 2022ൽ എറണാകുളത്തു നിന്ന് വാങ്ങിയതാണ് എയർ പിസ്റ്റൾ എന്ന് ധനേഷ് മൊഴി നൽകി. പക്ഷികളെ വെടിവെക്കാനാണ് തോക്ക് വാങ്ങിയതെന്നാണ് വിശദീകരണം. എന്നാൽ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ധനേഷ് ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു.
സ്‌കൂളിൽ തോക്കുമായി എത്തിയ വിദ്യാർഥിയുടെ സുഹൃത്തിൻ്റെ അമ്മാവനാണ് ധനേഷ്. ഇയാളുടെ വീട്ടിൽ നിന്ന് ഒരാഴ്ച മുൻപാണ് വിദ്യാർഥി തോക്ക് കൈക്കലാക്കിയതെന്നും, മനപൂർവം തോക്ക് നല്കിയതാണോ എന്ന് പരിശോധിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ നഗരത്തിൽ എയർഗണ്ണുമായി വിദ്യാർഥി സ്‌കൂളിൽ എത്തിയത്. കുട്ടി സഹവിദ്യാര്‍ഥിക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്ക് കൊണ്ട് അടിക്കുകയും ചെയ്തതുവെന്നാണ് പരാതി. അസഭ്യം പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് തോക്കെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.