
കൊച്ചിയിലെ സിനിമ നിർമാണ വിതരണ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്. സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് നിർമിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സൗബിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
ഇന്നലെയാണ് ഡ്രീം ബിഗ് ഫിലിംസ്, പറവ ഫിലിംസ് എന്നീ കമ്പനികളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തുകയായിരുന്നു. രണ്ട് കമ്പനികളിലുമായി 14 മണിക്കൂറിലധികം നേരമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ നടൻ സൗബിൻ സാഹിറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ പറവ നൽകിയ കണക്കുകളിൽ വ്യക്തതയില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. പറവ ഫിലിംസ് കമ്പനി നിർമിച്ച 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ആദായ നികുതി അറിയിച്ചു.
242 കോടിയുടെ കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. മഞ്ഞുമൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, കമ്പനി 60 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ദുരൂഹത തുടരുന്നുവെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഇഡിയും ആവശ്യപ്പെട്ടിരുന്നു. മഞ്ഞുമ്മൽ ബോയ്സ് വിതരണത്തിനെടുത്ത കമ്പനിയാണ് ഡ്രീം ബിഗ് ഫിലിംസ്. ഇവിടെയും ഇന്നലെ പരിശോധന നടത്തിയത്.