
യുഎസിൽ പഠിക്കുന്ന ഇന്ത്യൻ പൗരന്മാർ അമേരിക്കൻ നിയമങ്ങൾ പാലിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ സർക്കാർ. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നാരോപിച്ച് ഇന്ത്യൻ ഗവേഷക വിദ്യാർഥിയെ അറസ്റ്റു ചെയ്യുകയും മറ്റൊരു വിദ്യാർത്ഥിയുടെ വിസ റദ്ദാക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ സർക്കാരിൻ്റെ നിർദ്ദേശം.
യുഎസ് തലസ്ഥാനത്തെ ജോർജ്ടൗൺ യൂണിവേഴ്സിറ്റി സ്കോളറായ ബദർ ഖാൻ സൂരിയെയാണ് ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് കൊളംബിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ രഞ്ജിനി ശ്രീനിവാസൻ്റെ വിസ റദ്ദാക്കിയത്. ഇരുവരും സഹായമാവശ്യപ്പെട്ട് ഇന്ത്യൻ എംബസികളെ ബന്ധപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിസ, കുടിയേറ്റ കാര്യങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാര ചുമതലകളിൽ പെട്ടതാണ്. അത്തരം ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ യുഎസിന് അവകാശമുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു. വിദേശ പൗരന്മാർ ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നത് പോലെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ ആ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റുകളും എംബസികളും അവരെ സഹായിക്കുമെന്നും ജയ്‌സ്വാൾ ഉറപ്പുനൽകി.
ബദർ ഖാൻ സൂരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ കണ്ടു. എന്നാൽ യുഎസ് സർക്കാരോ ഈ വ്യക്തിയോ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടില്ല. ഗവേഷക വിദ്യാർഥി രഞ്ജിനി ശ്രീനിവാസൻ യുഎസിൽ നിന്ന് പോയത് അറിയുന്നതും മാധ്യമങ്ങളിലൂടെയാണ്. ഇവർ ഏതെങ്കിലും സഹായത്തിനായി ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെട്ടതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യുഎസുമായുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.