'ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുന്നു'; രാജ്യസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം

കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുന ഖാർഗെയാണ് നിർദേശം മുന്നോട്ട് വച്ചത്
ജഗദീപ് ധൻകർ
ജഗദീപ് ധൻകർ
Published on

രാജ്യസഭ ചെയർമാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം.  ഭരണഘടനയുടെ ആർട്ടിക്കിള്‍ 67 (ബി) പ്രകാരം 70 എംപിമാർ ഒപ്പിട്ട പ്രമേയമാകും അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്‍റെ ഭരണഘടനാ അവകാശങ്ങൾ ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാ ചെയർമാന്‍ ജഗദീപ് ധൻകർ നിഷേധിക്കുന്നു എന്നാണ് ആരോപണം.  കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുന ഖാർഗെയാണ് നിർദേശം മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ കോൺഗ്രസ്, മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തി.

ഡിസംബർ ഒന്‍പത് തിങ്കളാഴ്ച രാജ്യസഭയെ പ്രക്ഷുബ്ധമാക്കിയ ചർച്ചയില്‍ ചെയർമാന്‍ സ്വീകരിച്ച നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യാ ബ്ലോക്കിന്‍റെ നീക്കം. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷവും തമ്മില്‍ നടന്ന ചൂടേറിയ സംവാദത്തില്‍ സഭാ നടപടികള്‍ പലതവണ തടസപ്പെട്ടിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ കോടീശ്വരനും നിക്ഷേപകനുമായ ജോർജ് സോറോസുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ബിജെപി ആരോപിച്ചതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

'കോവിഡ് രോഗത്തേക്കാൾ വിനാശകാരിയാണ് ഡീപ്പ് സ്റ്റേറ്റിന്‍റെ പ്രവർത്തനം' എന്നായിരുന്നു ചെയർമാൻ ധൻകറിന്‍റെ പ്രതികരണം. തുടർന്ന് സഭ മൂന്ന് മണിവരെ പിരിഞ്ഞു. മൂന്ന് മണിക്ക് പുനരാരംഭിച്ച സഭയില്‍, രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി, ഉള്ളിൽ നിന്നോ പുറത്തുനിന്നോ വരുന്ന ഏത് വെല്ലുവിളികളും എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും ചെയർമാന്‍ അറിയിച്ചു.

ധൻകറിൻ്റെ നടപടികൾ രാജ്യസഭയുടെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തിയെന്നാണ് ഇന്ത്യാ ബ്ലോക്ക് എംപിമാരുടെ വാദം. പ്രതിപക്ഷത്തിന് എതിർസ്വരം ഉയർത്താന്‍ അവസരം നല്‍കുന്നില്ലെന്നും എംപിമാർ ആരോപിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി), ആം ആദ്മി പാർട്ടി (എഎപി), സമാജ്‌വാദി പാർട്ടി (എസ്‌പി), മറ്റ് ഇന്ത്യാ ബ്ലോക്ക് ഘടകകക്ഷികൾ എന്നിവർ തങ്ങളുടെ പ്രസംഗത്തിനിടെ ചെയറിന്‍റെ ഭാഗത്തുനിന്നും ഇടയ്‌ക്കിടെ തടസം നേരിടുന്നതായും ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com