'അത് നമ്മുടെ സൗഹൃദത്തിന് ശക്തി പകരും'; ഏഴ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിലും വളർച്ചയിലും ഇന്ത്യ ഒപ്പം നിൽക്കും
'അത് നമ്മുടെ സൗഹൃദത്തിന് ശക്തി പകരും'; ഏഴ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ശ്രീലങ്കയും
Published on


ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാ​ഗമായി ഇന്ത്യയും ശ്രീലങ്കയും ഏഴ് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവക്കുന്നത്. പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീവയുൾപ്പടെയുള്ള മേഖലകളിലെ ഏഴ് പ്രധാന കരാറുകളിലാണ് ഇന്ത്യയും ശ്രീലങ്കയും ഒപ്പുവെച്ചത്. ശ്രീലങ്കയിലെ ട്രിൻകോമലി നഗരം ഊർജ്ജ ഹബ്ബായി വളർത്തിയെടുക്കാൻ ഇന്ത്യയും ശ്രീലങ്കയും യുഎഇയും തമ്മിൽ ത്രികക്ഷി ധാരണപത്രത്തിലും ഒപ്പുവെച്ചു.

"ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രധാന കരാറുകളിൽ ഒപ്പുവച്ചു, അത് നമ്മുടെ സൗഹൃദത്തിന് ശക്തി പകരും. ശ്രീലങ്കയിലെ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പ്രധാനപ്പെട്ട പദ്ധതികളും ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലെ ജനങ്ങളുടെ വികസന പാതയിൽ ഇന്ത്യ എപ്പോഴും അവരെ പിന്തുണയ്ക്കും," പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യങ്ങളോടുള്ള സംവേദനക്ഷമതയ്ക്ക് പ്രസിഡന്റ് ദിസനായകെയോട് താൻ നന്ദിയുള്ളവനാണ്. ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിലും വളർച്ചയിലും ഇന്ത്യ ഒപ്പം നിൽക്കും. പ്രതിരോധ സഹകരണത്തിൽ ഒപ്പുവെച്ച സുപ്രധാന കരാറുകളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് നൽകിയതായി ദിസനായകെയും പറഞ്ഞു. അനുര കുമാര ദിസനായകെ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ ശ്രീലങ്കൻ സന്ദർശന വേളയിലാണ് കരാറുകളിൽ ഒപ്പുവച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com