ബാക്കിയുള്ള 11 സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് മറ്റ് സഖ്യ കക്ഷികളായ ആർജെഡിയുമായും ഇടതുപക്ഷ പാർട്ടികളുമായും ചർച്ച നടന്നു വരികയാണ്
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്ക് ഒരുമിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. 81 മണ്ഡലങ്ങളുള്ള ജാർഖണ്ഡിലെ 70 സീറ്റുകളിലും ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തുമെന്നും സോറൻ വ്യക്തമാക്കി.
സീറ്റ് വിഭജനത്തിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഞങ്ങളുടെ സഖ്യകക്ഷി ഇപ്പോൾ ഇവിടെയില്ല. അവർ എത്തുമ്പോൾ, സീറ്റുകളുടെ എണ്ണവും മറ്റ് വിശദാംശങ്ങളിലും വ്യക്തത വരുത്തുമെന്നും സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാക്കിയുള്ള 11 സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് മറ്റ് സഖ്യ കക്ഷികളായ ആർജെഡിയുമായും ഇടതുപക്ഷ പാർട്ടികളുമായും ചർച്ച നടന്നു വരികയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) 43 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലും മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസിന് 27 മുതൽ 28 വരെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സൂചന. അതേസമയം, ഹേമന്ത് സോറനായിരിക്കും ഇത്തവണ ജാർഖണ്ഡ് തെരഞ്ഞെടുപ്പിലെ പ്രധാന മുഖം എന്നതു കൊണ്ട് മഹാസഖ്യത്തിന് കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജെഎംഎം സീറ്റുകളുടെ എണ്ണം വർധിപ്പിച്ചേക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Also Read: 'ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധി'; വിവാദ പരാമർശത്തിൽ ഒഡീഷ നടനെതിരെ കേസ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(എം- എൽ)യും എംഎംസിയും ജെഎംഎം-കോൺഗ്രസ് സഖ്യത്തിൻ്റെ ഭാഗമാകാനാഗ്രഹിക്കുന്നതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകഴിൽ മത്സരിച്ച രാഷ്ട്രീയ ജനതാ ദൾ ഇത്തവണയും മത്സരിച്ചേക്കും. കൂടാതെ, ബാഗോദർ , നിർസ സീറ്റുകൾ യഥാക്രമം സിപിഐ(എം-എൽ) നും എംഎംസിയ്ക്കും വാദ്ഗാനം ചെയ്തിട്ടുമുണ്ട്.
എൻഡിഎ സംസ്ഥാനത്തെ സീറ്റ് പങ്കിടൽ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സോറൻ്റെ പ്രഖ്യാപനം. ബിജെപി 68 സീറ്റുകളിലും സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു) 10 സീറ്റുകളിലും ജനതാദൾ (യുണൈറ്റഡ്) രണ്ടിടത്തും ലോക് ജനശക്തി പാർട്ടി (എൽജെപി) ഛത്രയിലെ ഏക സീറ്റിലുമാണ് മത്സരിക്കുക.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു മൂന്ന് പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിച്ചത്. 81ൽ 30 സീറ്റുകൾ ജെഎംഎമ്മും 16 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ ആർജെഡിയുമാണ് വിജയിച്ചത്. 2014ൽ 37 സീറ്റുകൾ ലഭിച്ച ബിജെപിയ്ക്ക് 2019ൽ 25 സീറ്റുകളാണ് ലഭിച്ചത്.
ജാർഖണ്ഡിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23ന് വോട്ടെണ്ണൽ നടക്കും