കശ്മീർ പാകിസ്ഥാൻ്റെ കണ്ഠനാഡിയെന്ന് പാക് സൈനിക മേധാവി; ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ഇന്ത്യ

1947 ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെയും ജനറൽ അസിം മുനീർ ന്യായീകരിച്ചു
കശ്മീർ പാകിസ്ഥാൻ്റെ കണ്ഠനാഡിയെന്ന് പാക് സൈനിക മേധാവി; ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ഇന്ത്യ
Published on

കശ്മീർ പാകിസ്ഥാൻ്റെ 'കണ്ഠ നാഡി'യാണെന്ന് പാക് സൈനിക മേധാവി ജനറൽ അസിം മുനീർ. 1947 ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെയും ജനറൽ അസിം മുനീർ ന്യായീകരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സൈനിക മേധാവിയുടെ പരാമർശം. അതേസമയം പ്രസ്താവനയെ തള്ളിക്കൊണ്ട് ഇന്ത്യ രംഗത്തെത്തി.

നിങ്ങൾ തീർച്ചയായും നിങ്ങളുടെ കുട്ടികൾക്ക് പാകിസ്ഥാന്റെ കഥ പറഞ്ഞു കൊടുക്കണമെന്ന് പറഞ്ഞായിരുന്നു അസിം മുനീറിൻ്റെ പ്രസംഗം. "ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവികർ കരുതിയിരുന്നു. നമ്മുടെ മതം, ആചാരം, പാരമ്പര്യം, ചിന്ത, അഭിലാഷം എല്ലാം വ്യത്യസ്തമാണ്. അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ," ജനറൽ മുനീർ പറഞ്ഞു.

കശ്മീരിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. അത് പാകിസ്ഥാൻ്റെ കണ്ഠനാഡിയായിരുന്നു, കണ്ഠനാഡിയായിരിക്കും, രാജ്യത്തിന് കശ്മീരിനെ മറക്കാനാകില്ല. കാശ്മീരി സഹോദരന്മാരെ അവരുടെ വീരോചിതമായ പോരാട്ടത്തിൽ ഉപേക്ഷിക്കില്ലെന്നും അസിം മുനീർ കൂട്ടിച്ചേർത്തു.



നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിപ്പിക്കുക എന്നത് മാത്രമാണ് കശ്മീരിന് പാകിസ്ഥാനുമായുള്ള ഏക ബന്ധം എന്ന് ശക്തമായ ഭാഷയിൽ തിരിച്ചടിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. ഒരു വിദേശ രാജ്യം എങ്ങനെയാണ് കണ്ഠനാഡിയാകുക എന്ന് ചോദിച്ച വിദേശകാര്യ വക്താവ്, കശ്മീർ രാജ്യത്തെ ഒരു കേന്ദ്രഭരണ പ്രദേശമാണെന്ന് തറപ്പിച്ച് പറഞ്ഞു. ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമാണ് കശ്മീരിന് പാകിസ്ഥാനുമായുള്ള ബന്ധമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com