fbwpx
"ഇന്ത്യ ഖലിസ്ഥാനികളെ ലക്ഷ്യമിടുന്നു, അതിനായി ഉപയോഗിക്കുന്നത് ബിഷ്ണോയ് ഗ്യാങ്ങിനെ"; ആരോപണവുമായി കനേഡിയൻ പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Oct, 2024 12:36 PM

ഇന്ത്യൻ ഉദ്യോഗസ്ഥരെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും ആർസിഎംപി വ്യക്തമാക്കി

WORLD


ഇന്ത്യന്‍ ഏജന്‍റുമാർ ക്രിമിനലുകളെ ഉപയോഗിച്ച് കാനഡയില്‍ കൊലപാതകങ്ങൾ, കൊള്ളയടിക്കൽ എന്നിങ്ങനെയുള്ള അക്രമാസക്തമായ പ്രവർത്തനങ്ങള്‍ നടത്തുന്നുവെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആർസിഎംപി). ദക്ഷിണേഷ്യന്‍ വംശജർ, വിശേഷിച്ചും ഖലിസ്ഥാന്‍ അനുകൂലികളെയാണ് ഇന്ത്യ ലക്ഷ്യമാക്കുന്നതെന്നും, ഇതിനായി ബിഷ്ണോയ് ഗ്യാങ് പോലുള്ള ക്രമിനല്‍ സംഘങ്ങളെയാണ് ഉപയോഗിക്കുന്നതെന്നുമാണ് പൊലീസിന്‍റെ ആരോപണം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ആർസിഎംപിയുടെ പ്രതികരണം. ഇന്ത്യൻ ഉദ്യോഗസ്ഥരെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും ആർസിഎംപി വ്യക്തമാക്കി.

ഒട്ടാവയില്‍ നടന്ന വാർത്താസമ്മേളനത്തില്‍, ആർസിഎംപി കമ്മീഷണർ മൈക്ക് ഡുഹെമും അസിസ്റ്റൻ്റ് കമ്മീഷണർ ബ്രിജിറ്റ് ഗൗവിനുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ എപ്പോഴാണ് ഇത്തരം ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നടന്നതെന്നോ, എത്ര അന്വേഷണങ്ങളാണ് നടക്കുന്നതെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാർ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വ്യാപ്തിയും ആഴവും വെളിപ്പെടുത്തുന്ന തെളിവുകൾ പൊലീസ് ശേഖരിച്ചതായി കമ്മീഷണർ ഡുഹെം പറഞ്ഞു. എന്നാല്‍ കൊലപാതകം, കൊള്ളയടിക്കൽ എന്നീ കേസുകളില്‍ ഇതുവരെ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, അവരിൽ ചിലർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു.

Also Read: "ഇന്ത്യയുടെ നടപടികള്‍‌ സ്വീകാര്യമല്ല"; നിലപാട് കടുപ്പിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

അക്രമ പ്രവർത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ഏജന്‍റുമാർ ഉപയോഗിക്കുന്നത് ക്രിമിനല്‍ സംഘങ്ങളാണെന്നും പൊലീസ് ആരോപിച്ചു. "പ്രത്യേകിച്ച് ബിഷ്‌ണോയ് ഗ്യാങ് എന്ന ക്രൈം ഗ്രൂപ്പ്. അവരത് പരസ്യമായിഅവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പിന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാരുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു", ഡുഹെം പറഞ്ഞു.

ഖലിസ്ഥാന്‍വാദി ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍, ഇന്ത്യന്‍ ഹൈക്കമ്മീഷണർ സഞ്ജയ് ശർമയ്ക്കും മറ്റു നയതന്ത്ര പ്രതിനിധികള്‍ക്കും പങ്കുണ്ടെന്നു കാനഡയുടെ ആരോപണത്തോടെയാണ് നയതന്ത്ര ബന്ധം ഉലഞ്ഞത്. ഇന്ത്യയില്‍ നിന്നും വേർപെട്ട് സിഖ് വിഭാഗത്തിന് സ്വന്തമായി ഒരു രാജ്യം (ഖലിസ്ഥാന്‍) വേണമെന്ന ആശയം പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് നിജ്ജാർ. കാനഡയിലെ വാൻകൂവറിൻ്റെ പ്രാന്തപ്രദേശമായ സർറെയിലെ സിഖ് ക്ഷേത്രത്തിന് പുറത്തുവെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ (45) വെടിയേറ്റ് മരിച്ചത്.

Also Read: 'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രൂഡോ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു'; നിജ്ജാർ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ

കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യയും രംഗത്തെത്തിയിരുന്നു. തെളിവു നല്‍കാന്‍ ആവശ്യപ്പെട്ട ഇന്ത്യ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആരോപിച്ചു. തുടർന്ന്, കുറ്റാരോപിതരായ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കി. പിന്നാലെ കാനഡയുടെ ആറ് നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കി. ഒക്ടോബർ 19ന് രാത്രി 11.59നകം രാജ്യം വിടണമെന്നാണ് പുറത്താക്കപ്പെട്ടവർക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിർദേശം.

Also Read: പോര് മുറുകുന്നു;ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; തിരിച്ചടിച്ച് കാനഡയും

അതേസമയം, ഇന്ത്യയുടെ നടപടികള്‍ സ്വീകാര്യമല്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കനേഡിയൻ മണ്ണിലെ കനേഡിയൻ ജനതയ്‌ക്കെതിരായ ക്രിമിനൽ പ്രവർത്തനങ്ങൾ പിന്തുണയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചതില്‍ ഇന്ത്യാ സർക്കാരിന് അടിസ്ഥാനപരമായ തെറ്റ് പറ്റിയെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ട്രൂഡോ ഇന്നും തുടർന്നത്.


NATIONAL
അതിർത്തികളിൽ പാക് പ്രകോപനം തുടരുന്നു; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ചിങ് പാഡുകളും തകർത്ത് ഇന്ത്യൻ സൈന്യം
Also Read
user
Share This

Popular

NATIONAL
KERALA
അതിവേഗം തിരിച്ചടി; പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി സേന; റഡാർ സൈറ്റുകളും നശിപ്പിച്ചു