ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
2026ഓടെ ഇന്ത്യയെ മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷമായി നക്സൽ പ്രവർത്തനങ്ങൾ പകുതിയോളം അടിച്ചമർത്താനായെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഛത്തീസ്‌ഗഡിലെ റായ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 17,000 പേരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. മാവോയിസ്റ്റ് ആക്രമണങ്ങളിലുണ്ടായ മരണങ്ങളിൽ നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഏറ്റവും കുറവ് കണക്ക് രേഖപ്പെടുത്തിയ വർഷമായിരുന്നു 2022.
2004-14 വർഷത്തെ അപേക്ഷിച്ച് 2014 മുതൽ 2024 വരെയുള്ള കാലയളവിൽ നക്സൽ പ്രവർത്തനങ്ങളിൽ 53 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി. ഈ കാലയളവിൽ 14 നക്സലൈറ്റുകളെ പിടികൂടിയതായും അമിത് ഷാ കൂട്ടിച്ചേർത്തു.
മാവോയിസ്റ്റ് ഭീഷണി അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഛത്തിസ്‌ഗഡിലെ റായ്പൂരിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. യോഗത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ഉപ മുഖ്യമന്ത്രി വിജയ് ശർമ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.