
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 376 റണ്‍സ് പിന്തുടർന്ന ബംഗ്ലാദേശ് ഒന്നാമിന്നിംഗ്സിൽ 149 റണ്‍സിന് പുറത്തായിരുന്നു. 227 റൺസിൻ്റെ ഒന്നാമിന്നിംഗ്സ് ലീഡാണ് ബംഗ്ലാ കടുവകൾ വഴങ്ങിയത്.
രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് ഇതോടെ 308 റൺസായി ഉയർന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും, രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ.
രണ്ടാം ദിനം ആറിന് 339 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രവീന്ദ്ര ജഡേജ 86 റൺസിലും രവിചന്ദ്രൻ അശ്വിൻ 113 റൺസിലും പുറത്തായി. ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. യശസ്വി ജെയ്സ്വാൾ (10), രോഹിത് ശർമ (5), വിരാട് കോഹ്‍ലി (17) എന്നിവർ പുറത്തായി. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ശുഭ്മാൻ ഗിൽ (33), റിഷഭ് പന്ത് (12) എന്നിവരാണ് ക്രീസിലുള്ളത്.