
ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഹിന്ദു സംഘടനകളുടെ ഭീഷണിയുള്ളതായി റിപ്പോർട്ട്. ഞായറാഴ്ച ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബംഗ്ലാദേശിൽ ഹിന്ദുമത വിശ്വാസികൾ ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്. മത്സരം നടക്കുന്ന ഒക്ടോബർ 6ന് ഗ്വാളിയോറിൽ ഹിന്ദു മഹാസഭ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ മത്സരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മേഖലയിൽ കൂട്ടം കൂടുന്നതിനും പ്രതിഷേധം സംഘടിപ്പിക്കുന്നതിനും വിലക്കുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ALSO READ: ഹാർദികിൻ്റെ ബൗളിങ് ആക്ഷനിൽ മോർക്കലിന് തൃപ്തി പോരാ!
മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്ററുകൾ, ബാനറുകൾ, പ്രകോപനപരമായ മറ്റു സന്ദേശങ്ങൾ എന്നിവ കൊണ്ടുവരുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തുന്നത്. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും വേണ്ടി 1600 ഓളം പൊലീസുകാരെയാണ് ഞായറാഴ്ചത്തെ മത്സര ദിവസം നഗരത്തിൽ നിയോഗിക്കുക.