ആദ്യ ടെസ്റ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ റിഷഭ് പന്ത് (18), സർഫറാസ് ഖാൻ (11) എന്നിവരും നിരാശപ്പെടുത്തി.
പൂനെയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം 16/1 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ 156 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുമായി കീവീസിൻ്റെ നട്ടെല്ലൊടിച്ചത് വാഷിങ്ടൺ സുന്ദർ ആണെങ്കിൽ, ന്യൂസിലൻഡിൻ്റെ മറുപടി മിച്ചെൽ സാൻ്റ്നറിലൂടെയായിരുന്നു. ഇന്ത്യയുടെ ഏഴ് വിക്കറ്റുകളാണ് സാൻ്റ്നർ കറക്കി വീഴ്ത്തിയത്. 19.3 ഓവറിൽ 53 റൺസ് വിട്ടുകൊടുത്താണ് ഈ പ്രകടനം. ഗ്ലെൻ ഫിലിപ്സ് രണ്ടും ടിം സൌത്തി ഒരു വിക്കറ്റും നേടി.
38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ഒന്നാമിന്നിങ്സിലെ ടോപ് സ്കോറർ. ഒന്നാം ദിനം മുതൽ തന്നെ സ്പിന്നിനെ അതിരറ്റ് സഹായിക്കുന്ന പൂനെയിലെ പിച്ചിൽ ഇനിയുള്ള ദിവസങ്ങളിലെ ബാറ്റിങ് കൂടുതൽ ദുഷ്ക്കരമാകുമെന്ന് ഉറപ്പാണ്. സ്പിന്നിങ് ട്രാക്കിൽ മിച്ചെൽ സാൻ്റ്നറെ നേരിടാൻ കോഹ്ലിയും സംഘവും പതറുന്ന കാഴ്ചയാണ് രാവിലെ മുതൽ കണ്ടത്.
രാവിലെ ആദ്യ സെഷനിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി (1), ശുഭ്മാൻ ഗിൽ (30) എന്നിവരെ മിച്ചെൽ സാൻ്റ്നറും, യശസ്വി ജെയ്സ്വാളിനെ (30) ഗ്ലെൻ ഫിലിപ്സുമാണ് പുറത്താക്കിയത്. ആദ്യ ടെസ്റ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ റിഷഭ് പന്ത് (18), സർഫറാസ് ഖാൻ (11) എന്നിവരും നിരാശപ്പെടുത്തി.
മിച്ചെൽ സാൻ്റ്നറുടെ പന്തിൽ ഗിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഒരു റൺസെടുത്ത കോഹ്ലി സാൻ്റ്നറുടെ പന്തിൽ ക്ലീൻ ബൌൾഡായി. സ്പിന്നർമാരെ തുണയ്ക്കുന്ന പൂനെയിലെ പിച്ചിൽ റൺസ് കണ്ടെത്തുന്നത് വിഷമകരമാണ്. രോഹിത്തും വിരാട് കോഹ്ലിയും ചെറിയ സ്കോറിൽ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ സമ്മർദത്തിലാക്കിയിരുന്നു. ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.
ALSO READ: രോഹിത് 'ഡക്ക്‌മാന്‍'; റെക്കോഡ് പുസ്തകത്തില്‍ സച്ചിനൊപ്പം