വാംഖഡെയില്‍ നാലാം ഇന്നിങ്സിൽ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ 164 റണ്‍സാണ്
മുറിവേറ്റ സിംഹങ്ങളാണ് രോഹിത്തും കൂട്ടരും. ആദ്യ രണ്ട് ടെസ്റ്റുകളിലും തോൽവി വഴങ്ങി ന്യൂസിലൻഡിനോട് നാണംകെട്ടതിൻ്റെ പാപഭാരം കഴുകി കളയണമെങ്കിൽ വാംഖഡെയിൽ ഇന്ത്യക്ക് ജയിക്കണം, ജയിച്ചേ മതിയാവൂ. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ടീമിൻ്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത് സഹായിക്കുമെന്നുറപ്പാണ്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ രണ്ട് ദിനം പിന്നിടുമ്പോൾ തന്നെ ഇന്ത്യൻ ടീം ജയപ്രതീക്ഷയിലാണ്. 2-0ന് പരമ്പര കൈവിട്ട ഇന്ത്യക്ക് ആശ്വാസ ജയമാണ് ലക്ഷ്യം. എന്നാൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ചരിത്രമാണ് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തുന്നത്. വാംഖഡെയില്‍ നാലാം ഇന്നിങ്സിൽ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ 164 റണ്‍സാണ്. 2000ത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ ഈ ലക്ഷ്യത്തിലെത്തിയത്. അതൊഴികെ മുംബൈയിൽ നാലാം ഇന്നിങ്സിൽ ഒരു ടീം പോലും നൂറിന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിച്ചിട്ടില്ല.
ALSO READ: മുംബൈ ഇന്ത്യൻസിലെ 'പാളയത്തിൽ പട' ഒതുക്കിയത് രോഹിത് ശർമയുടെ മാസ്റ്റർ പ്ലാൻ!
1980ൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 98 റൺസ് പിന്തുടർന്ന് 10 വിക്കറ്റ് വിജയം നേടിയിരുന്നു. ഇതാണ് മുംബൈയിൽ ഒരു ടീം പിന്തുടർന്ന് വിജയിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ. 2004ൽ ഇന്ത്യയുടെ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ റിക്കി പോണ്ടിങ്ങിൻ്റെ ഓസ്ട്രേലിയ 93 റൺസിന് ഓൾ ഔട്ടായതും ഇതേ വാംഖഡെയിലാണ്.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് 143 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് നേടിക്കഴിഞ്ഞു. രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ് കീവീസ് ടീം ബാറ്റിങ് തുടരുന്നത്. വാംഖഡെയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ്. മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ അത് ചരിത്രമാകുമെന്നതിൽ സംശയം വേണ്ട.