നിലവിൽ ന്യൂസിലൻഡിനേക്കാൾ 12 റൺസിന് മാത്രം പിറകിലാണ് ഇന്ത്യ
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇന്ത്യയുടെ സർഫറാസ് ഖാന് സെഞ്ചുറി. ഇന്ത്യൻ ജഴ്സിയിൽ താരത്തിൻ്റെ കരിയറിലെ ആദ്യ അന്താരാഷ്‌ട്ര സെഞ്ചുറിയാണിത് എന്ന സവിശേഷത കൂടിയുണ്ട്. 152 പന്തിൽ നിന്ന് പുറത്താകാതെ 124 റൺസുമായി താരം ബാറ്റിങ് തുടരുകയാണ്. നിലവിൽ ന്യൂസിലൻഡിനേക്കാൾ 12 റൺസിന് മാത്രം പിറകിലാണ് ഇന്ത്യ. 71 ഓവറിൽ 344-3 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തുടരവെ മഴ മൂലം കളി നിർത്തിവെച്ചിരിക്കുകയാണ്.
സർഫറാസ് ഖാനും റിഷഭ് പന്തുമാണ് (52) ക്രീസിൽ. ഏകദിന ശൈലയിയിലാണ് ഇന്ത്യൻ താരങ്ങൾ ബാറ്റുവീശുന്നത്. ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സർഫറാസിൻ്റെ തകർപ്പൻ സെഞ്ചുറി നേട്ടം. 110 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച സർഫറാസിന്റെ ഇന്നിങ്‌സിൽ 16 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടും. 80ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് മധ്യനിര താരത്തിൻ്റെ ബാറ്റിങ്.