
വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനോടേറ്റ കനത്ത തോൽവിയുടെ ക്ഷീണം തീർക്കാൻ ഇന്ത്യയുടെ പെൺപുലികൾ ദുബായിൽ ഇന്നിറങ്ങും. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളികൾ എന്നതിനാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇന്ന് ജയിച്ചേ മതിയാകൂവെന്ന സ്ഥിതിയാണ്. രണ്ടാമതൊരു തോൽവി ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാൽ നീലപ്പടയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്. വൈകിട്ട് 3.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 31 റൺസിന് വീഴ്ത്തിയാണ് പാകിസ്ഥാൻ്റെ വരവ്. ന്യൂസിലൻഡിനോട് 58 റൺസിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ വനിതാ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങ്ങിൽ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറുമടക്കമുള്ള മുൻനിര താരങ്ങളെല്ലാം നിരാശപ്പെടുത്തി. അതേസമയം, ലോകകപ്പ് അരങ്ങേറ്റത്തിൽ ഒരു വിക്കറ്റുമായി തിളങ്ങിയ മലയാളി സ്പിന്നർ ആശ ശോഭന ഇന്നും ഇന്ത്യക്കായി ഇറങ്ങിയേക്കും.
അതേസമയം, ഇന്നലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്ട്രേലിയ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ശ്രീലങ്കയെ 6 വിക്കറ്റിനാണ് ഓസീസ് വനിതകൾ തകർത്തത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറ് വിക്കറ്റും ശേഷിക്കെ കംഗാരുപ്പട ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ ജയത്തിലെത്തിച്ചത്.