കഴിഞ്ഞ ലോക്സഭയിലെ 146 പ്രതിപക്ഷ എം പി മാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് നിർബന്ധിതമായി പാസാക്കിയതാണ് പുതിയ ക്രിമനൽ നിയമങ്ങൾ
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നതോടെ ശക്തമായി എതിർപ്പുമായി പ്രതിപക്ഷം. കഴിഞ്ഞ ലോക്സഭയിലെ 146 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് നിർബന്ധിതമായി പാസാക്കിയതാണ് പുതിയ ക്രിമനൽ നിയമങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. ഈ 'ബുൾഡോസർ നിയമങ്ങൾ' പാർലമെൻ്ററി സംവിധാനത്തിൽ പ്രവർത്തിപ്പിക്കാൻ ഇന്ത്യ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എംപിമാരും നിയമപണ്ഡിതരും ഉയർത്തുന്ന വിമർശനങ്ങളെ സർക്കാർ ഉൾക്കൊണ്ടില്ലെന്നും, പാർലമെൻ്റിൽ ചർച്ച നടത്താതെയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും കോൺഗ്രസ് നേതാവ് പി ചിദംബരവും കുറ്റപ്പെടുത്തി. പുതിയ നിയമങ്ങളിൽ 90-99 ശതമാനവും പഴയ നിയമങ്ങളുടെ പകർപ്പാണെന്നും, അങ്ങനെയെങ്കിൽ പഴയ നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയാൽ മതിയായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷും പുതിയ നിയമങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പൗരന്മാരുടെ ജീവിതത്തിലും സ്വാതന്ത്ര്യത്തിലും കൈകടത്താൻ സർക്കാരിന് വലിയ സാധ്യതകൾ നൽകുന്നതാണ് പുതിയ നിയമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഐപിസിയും സിആർപിസിയും ഇനി മുതൽ ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷ സംഹിതയെന്നും അറിയപ്പെടും. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങൾ നിലവിൽ വരുന്നത്.