ഇന്ത്യ ഏഷ്യാ കപ്പിൽ നിന്നും പിന്മാറുന്നത് ഏഷ്യൻ ക്രിക്കറ്റ് കൌൺസിലിൻ്റെ സാമ്പത്തിക നിലയെ ക്ഷീണിപ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ക്രിക്കറ്റ് ലോകത്തും പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ. നിർണായകമായ ഏഷ്യാ കപ്പിൽ പാകിസ്ഥാനൊപ്പം മത്സരിക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. ടൂർണമെൻ്റിൽ നിന്ന് ഇന്ത്യ പിന്മാറുന്ന വിവരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഒരു മന്ത്രിയായ മൊഹ്സിൻ നഖ്‌വിയുടെ ഭരണത്തിന് കീഴിലാണ് ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ പ്രവർത്തിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
ഇന്ത്യ ഏഷ്യാ കപ്പിൽ നിന്നും പിന്മാറുന്നത് ഏഷ്യൻ ക്രിക്കറ്റ് കൌൺസിലിൻ്റെ സാമ്പത്തിക നിലയെ ക്ഷീണിപ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2025ലെ ഏഷ്യാ കപ്പ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പാകിസ്ഥാനുമായുള്ള മത്സരം നടത്താൻ ഇന്ത്യ ഒരുക്കമല്ലെന്നാണ് വിവരം. ജയ് ഷാ ആയിരുന്നു നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ ചെയർമാൻ. അദ്ദേഹം ഐസിസിയുടെ ചെയർമാനായി മാറിയതോടെയാണ് മൊഹ്സിൻ നഖ്‌വി ഈ സ്ഥാനത്തേക്കെത്തുന്നത്.
"പാകിസ്ഥാൻ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങൾ എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും നിർത്തിവച്ചിരിക്കുന്നു. ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്," ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2024ൽ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്‌സ് ഇന്ത്യ 170 മില്യൺ യുഎസ് ഡോളറിന് ഏഷ്യാ കപ്പിന്റെ മീഡിയ റൈറ്റ്സ് വാങ്ങിയിരുന്നു. ഈ വർഷം ഏഷ്യാ കപ്പ് നടന്നില്ലെങ്കിൽ ഈ കരാർ പുനഃക്രമീകരിക്കേണ്ടതുണ്ട്. 2023ലെ ഏഷ്യാ കപ്പിൽ ഒരു ഹൈബ്രിഡ് മാതൃക സ്വീകരിച്ചു. ടൂർണമെന്റിന്റെ ഒരു ഭാഗം ശ്രീലങ്കയിൽ നടന്നു. കൊളംബോയിൽ ഇന്ത്യ കിരീടം നേടിയപ്പോൾ പാകിസ്ഥാൻ ഫൈനലിലേക്ക് പോലും യോഗ്യത നേടിയില്ല.