മുഖം നിറയെ രോമമായതിനാൽ സ്കൂൾ കാലഘട്ടത്തിൽ അത്ര നല്ല അനുഭവങ്ങളല്ല തനിക്ക് ഉണ്ടായിരുന്നതെന്ന് ലളിത് പട്ടീദാർ ഓർത്തെടുക്കുന്നു
മുഖത്ത് ഏറ്റവും രോമമുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യക്കാരൻ. 18കാരനായ ലളിത് പട്ടീദാറിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 201.72 മുടി എന്ന അതിശയിപ്പിക്കുന്ന റെക്കോർഡാണ് ലളിത് കരസ്ഥമാക്കിയത്. ഹൈപ്പർട്രൈക്കോസിസ് അഥവാ വേർവൂൾഫ് സിൻഡ്രോം എന്ന അപൂർവ രോഗബാധിതനായ ലളിതിൻ്റെ മുഖത്തിന്റെ 95 ശതമാനത്തിലധികവും രോമങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, ലോകമെമ്പാടും റിപ്പോർട്ട് ആകെ 50 വേർവൂൾഫ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ലളിത് ലോക റെക്കോർഡ് നേടിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. സ്കൂൾ കാലഘട്ടത്തിൽ നല്ല അനുഭവങ്ങളല്ല തനിക്ക് ഉണ്ടായിരുന്നതെന്ന് ലളിത് പട്ടീദാർ ഓർത്തെടുക്കുന്നു. സുഹൃത്തുക്കളും സഹപാഠികൾ രോമം നിറഞ്ഞ രൂപം കണ്ട് ഭയപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ, അവർ രോമങ്ങൾക്കപ്പുറമുള്ള തന്നെ കാണാൻ തുടങ്ങിയെന്നും അവരിൽ നിന്ന് അത്ര വ്യത്യസ്തനല്ല താനെന്ന് മനസിലാക്കിയെന്നും ലളിത് പറയുന്നു.
ആളുകളുടെ നോട്ടങ്ങളും, മോശം പരാമർശങ്ങളും ഇന്ന് ലളിതിനെ ബാധിക്കുന്നില്ല. "ഞാൻ എങ്ങനെയാണോ ആ രീതിയിൽ എനിക്കെന്നെ ഇഷ്ടമാണ്. ഈ ലുക്ക് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഈ വിഷയത്തിൽ ആളുകളോട് കൂടുതലൊന്നും പറയാനില്ല,"- മുഖത്തെ രോമങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്നവരോട്, ലളിതിന് പറയാനുള്ളത് ഇത്ര മാത്രമാണ്.
രോമവൃതമായ രൂപത്തെ പലരും കളിയാക്കുമെങ്കിലും, കുടുംബമാണ് ലളിതിൻ്റെ ശക്തി. ലളിതിന് എല്ലായ്പ്പോഴും കുടുംബത്തിൽ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. ലോകം ചുറ്റിക്കാണാനും, വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്ന ലളിതിന് ലളിതിന് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്സാണ് യുവാവിനുള്ളത്. ഒപ്പം ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള കുട്ടി ഇൻഫ്ലുവൻസർ കൂടിയാണ് ലളിത്.