ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ പടിയിറക്കം... 2024ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം!

11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെൻ്റിൽ ജേതാക്കളായത്
ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ പടിയിറക്കം... 2024ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം!
Published on
Updated on


ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായ ഇന്ത്യ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഐസിസി ട്രോഫി... കൃത്യമായി പറഞ്ഞാൽ ഐസിസി ടി20 വേൾഡ് കപ്പിൽ മുത്തമിട്ട വർഷമായിരുന്നു 2024. പതിവ് പോലെ ഫൈനലിൽ രോഹിത്ത് ശർമയ്ക്കും കൂട്ടർക്കും കാലിടറിയില്ലെന്നത് കായിക പ്രേമികൾക്ക് ഒന്നടങ്കം ആവേശം പകരുന്നൊരു കാഴ്ചയായിരുന്നു... 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെൻ്റിൽ ജേതാക്കളായത്. 257 റൺസുമായി രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.



ന്യൂസിലൻഡിൻ്റെ വൈറ്റ് വാഷും ഇന്ത്യയുടെ നാണക്കേടും



ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ... അതും ടെസ്റ്റ് ഫോർമാറ്റിൽ.. അവരുടെ ഹോം ഗ്രൗണ്ടിൽ 3-0ന് തകർക്കുകയെന്നാൽ ഒരു ടീമിനും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. എന്നാൽ 2024ൽ ചരിത്രത്തിലാദ്യമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീം കീവീസ് പടയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി അടിയറവ് പറയുന്ന കാഴ്ച ദയനീയമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദുരന്തസ്മരണകളിലൊന്നായി ഇത് അവശേഷിക്കുമെന്ന് ഉറപ്പാണ്.



ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യോദയം



ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യൻ കോച്ചായിരുന്ന രാഹുൽ ദ്രാവിഡ് പടിയിറങ്ങുകയും പകരക്കാരനായി ഗൗതം ഗംഭീർ ചുമതലയേൽക്കുകയും ചെയ്തത് 2024ലാണ്. രോഹിത്തിൻ്റെ പിന്തുടർച്ചക്കാരനായി ദേശീയ ടീമിൻ്റെ നായക പദവിയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഹാർദിക് പാണ്ഡ്യയെ... കോച്ച് ഗംഭീറും ബിസിസിഐയും ഒതുക്കുന്നതിനും... അപ്രതീക്ഷിതമായി ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവ് ക്യാപ്റ്റനായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നതിനും 2024 മൂകസാക്ഷിയായി. ഗംഭീറിനും സൂര്യക്കും കീഴിൽ സഞ്ജു സാംസണെ പോലുള്ള നിരവധി യുവപ്രതിഭകൾക്ക് അവസരം ലഭിച്ചുവെന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്.



സെഞ്ചുറി വീരന്മാരായി സഞ്ജു സാംസണും തിലകും



അഞ്ച് ടി20 ഇന്നിങ്സുകളിൽ മൂന്ന് സെഞ്ചുറി നേടിയ സഞ്ജു സാംസണും, തുടർച്ചയായ മൂന്ന് ടി20 മാച്ചുകളിൽ സെഞ്ചുറിയടിച്ച ലോക റെക്കോർഡിട്ട തിലക് വർമയും ഇന്ത്യയുടെ പുതുതലമുറ താരങ്ങളായി ഉദിച്ചുയർന്ന വർഷമാണ് 2024. വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്ന സഞ്ജു ഫാൻസിൻ്റെ പരാതിക്ക് അറുതിവരുത്തിയ വർഷം കൂടിയാണ് പിന്നിലേക്ക് മറയുന്നത്. ഗംഭീറിനും സൂര്യക്കും കീഴിൽ 2025ൽ സഞ്ജുവിന് കൂടുതൽ മികവിലേക്കുയരാനാകും എന്നാണ്
ആരാധകരുടെ പ്രതീക്ഷ.



ഇതിഹാസങ്ങൾ അസ്തമിക്കുന്നു



നാല് ഇതിഹാസ താരങ്ങളുടെ വിരമിക്കലിന് കൂടി 2024 സാക്ഷ്യം വഹിച്ചു. ടി20 ലോകകപ്പ് നേട്ടത്തിൻ്റെ പാരമ്യത്തിൽ നിൽക്കെ മൂന്ന് ഇന്ത്യൻ സൂപ്പർ താരങ്ങളാണ്... ക്രിക്കറ്റിൻ്റെ കുട്ടി ഫോർമാറ്റിൽ നിന്ന് കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിരാട് കോഹ്ലിയും തൊട്ടു പിന്നാലെ നായകൻ രോഹിത് ശർമയും.. അധികം വൈകാതെ രവീന്ദ്ര ജഡേജയും ടി20 ഫോർമാറ്റിനോട് ബൈ പറഞ്ഞു... 2024 അവസാനിക്കാനിരിക്കെ ഡിസംബർ മൂന്നാം വാരം അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചു.



പണം കായ്ക്കും മരമായി റിഷഭ് പന്ത്



കോടികളുടെ പണക്കിലുക്കം കൊണ്ട് ശ്രദ്ധേയമായ ഐപിഎല്‍ മെഗാ താരലേലവും 2024ൽ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 27 കോടി രൂപയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലക്നൗ സൂപ്പർ ജയൻ്റ്സാണ് ആരാധകരെ ഞെട്ടിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോര്‍ഡും 27കാരനായ ഈ ഉത്തരാഖണ്ഡുകാരൻ സ്വന്തമാക്കി. 26.75 കോടിക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സും ടീമിലെത്തിച്ചു. 23 കോടിക്ക് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചതും വലിയ വാർത്തയായി.



ശ്രേയസ് അയ്യരുടെ മാസ്സ് ട്രോഫി ഹണ്ട്!



ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുഴുവൻ കിരീടങ്ങളും നേടി മുംബൈ ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടെ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്ന കാഴ്ചയാണ് 2024ൽ കണ്ടത്. രഞ്ജി ട്രോഫി, ഇറാനി കപ്പ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയെല്ലാം മുംബൈ ടീമിൻ്റെ ഷെൽഫിനെ അലങ്കരിക്കുന്ന കാഴ്ചയാണ് 2024ൽ കാണാനായത്. ഇക്കൂട്ടത്തിൽ മൂന്ന് ആഭ്യന്തര ഫോർമാറ്റിലും കളിച്ച് പ്രതിഭ തെളിയിച്ച ശ്രേയസ് അയ്യർ ശ്രദ്ധേയനായി. 2024ൽ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചതും ശ്രേയസായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ നയിച്ചതും അയ്യരാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com