
ലങ്കാദഹനം സമ്പൂർണ്ണമാക്കി അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യൻ കൗമാരപ്പട ടീം ഫൈനലില്‍. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 21.4 ഓവറില്‍ ഇന്ത്യൻ ടീം വിജയത്തിലെത്തി.
സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിൽ ഭാഗമായ 13കാരന്‍ വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. ശ്രീലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച വൈഭവ് വെറും 24 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. 36 പന്തില്‍ 67 റണ്‍സെടുത്ത വൈഭവാണ് മത്സരത്തിലെ താരം. കഴിഞ്ഞ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപ മുടക്കി സ്വന്തമാക്കിയ താരമാണ് വൈഭവ്. ക്വാര്‍ട്ടറില്‍ യുഎഇക്കെതിരെയും വൈഭവ് ഫിഫ്റ്റി നേടിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റുമായി ചേതന്‍ ശര്‍മയാണ് എറിഞ്ഞിട്ടത്. ഇന്ത്യക്ക് വേണ്ടി കിരണ്‍ ചോര്‍മാലെയും ആയുഷ് മാത്രെയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലാക്‌വിന്‍ അഭയസിംഗെ (69), ഷാരുജന്‍ ഷണ്മുഖനാഥൻ (42) എന്നിവർ ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 8.3 ഓവറില്‍ 91 റണ്‍സാണ് ഓപ്പണര്‍മാരായ വൈഭവും ആയുഷ് മാത്രെയും അടിച്ചുകൂട്ടിയത്. 28 പന്തില്‍ 34 റണ്‍സ് നേടിയ ആയുഷ് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. ഇന്ത്യയെ 132 റണ്‍സിലെത്തിച്ചാണ് വൈഭവ് പുറത്തായത്.