അണ്ടർ 19 വനിതാ ലോകകപ്പ് നേട്ടം: ഇന്ത്യയുടെ മിന്നും താരങ്ങൾ ഇവരാണ്

തൃഷയെ പ്രശംസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും പോസ്റ്ററുകൾ ഒഫീഷ്യൽ എക്സ് പേജിൽ പങ്കുവെച്ചു
അണ്ടർ 19 വനിതാ ലോകകപ്പ് നേട്ടം: ഇന്ത്യയുടെ മിന്നും താരങ്ങൾ ഇവരാണ്
Published on


അണ്ടർ 19 ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ കൗമാരപ്പട ജേതാക്കളായിരുന്നു. കലാശപ്പോരിലെ ടീമിൻ്റെ തകർപ്പൻ പ്രകടനത്തിന് പിന്നിൽ നിരവധി വ്യക്തിഗത പ്രകടനങ്ങൾ ഉണ്ടായിരുന്നു. അതിലേറ്റവും നിർണായകമായത് തെലങ്കാനയിലെ ഭദ്രാചലത്തു നിന്നുള്ളൊരു 19കാരി പെൺകുട്ടിയായിരുന്നു. പേര് തൃഷ ഗൊങ്ങാടി.



അവളുടെ ഓൾറൗണ്ട് പ്രകടന മികവിലാണ് ഞായറാഴ്ച ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടത്. അർഹതയ്ക്കുള്ള അംഗീകാരമെന്ന നിലയ്ക്ക് ലോകകപ്പ് ഫൈനൽ പോരിലെ പ്ലേയർ ഓഫ് ദി മാച്ച് ട്രോഫിയും അവളെ തേടിയെത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 82 റൺസിലൊതുക്കിയപ്പോൾ, അതിൽ മൂന്ന് വിക്കറ്റുകൾ നേടിയത് തൃഷയായിരുന്നു. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 44 റൺസുമായി ഇന്ത്യയുടെ വിജയമുറപ്പിക്കാനും ഈ കൗമാര താരത്തിനായി.



പരമ്പരയിൽ ഏഴ് വിക്കറ്റുകളും 309 റൺസും നേടി തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് തൃഷ പുറത്തെടുത്തത്. ആറ് റൺസിന് മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. 110 റൺസ് നേടി താരം ഒരു സെഞ്ചുറി പ്രകടനവും ലോകകപ്പിൽ സ്വന്തം പേരിൽ ചേർത്തിരുന്നു. 147നോടടുത്ത് സ്ട്രൈക്ക് റേറ്റിലാണ് താരം ലോകകപ്പിൽ ബാറ്റുവീശിയത്.



തൃഷയെ പ്രശംസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും പോസ്റ്ററുകൾ ഒഫീഷ്യൽ എക്സ് പേജിൽ പങ്കുവെച്ചു. ലോകകപ്പിൽ തൃഷ ഗൊങ്ങാടിയെ തടയാൻ ആർക്കും കഴിഞ്ഞില്ലെന്നാണ് ഐസിസി ഇതിന് നൽകിയ അടിക്കുറിപ്പ്.

അതേസമയം, ലോകകപ്പിലെ ബൗളിങ്ങിൽ വിക്കറ്റ് വേട്ടക്കാരിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ഇടങ്കയ്യൻ സ്പിന്നർ വൈഷ്ണവി ശർമയാണ് 17 വിക്കറ്റുകളുമായി ലിസ്റ്റിൽ ഒന്നാമത്. പരമ്പരയിലൂടനീളം വൈഷ്ണവി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി താരം റെക്കോർഡ് പ്രകടനം നടത്തിയിരുന്നു.



14 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് ആയുഷി ശുക്ലയുണ്ട്. വൈഷ്ണവിക്കൊപ്പം മികച്ച ബൗളിങ് പ്രകടനമാണ് ആയുഷ് നടത്തിയത്. നാലാം സ്ഥാനത്ത് 10 വിക്കറ്റ് നേട്ടവുമായി പരുണിക സിസോദിയയും ഇന്ത്യൻ ബൗളിങ് യൂണിറ്റിൻ്റെ പ്രഹരശേഷി വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com