ഇന്ത്യയുടെ തിരിച്ചടിക്കിടെ വനിതാ പൈലറ്റിനെ പാകിസ്താൻ പിടികൂടിയെന്ന വാർത്തയും വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളും വ്യാജമെന്ന് പിഐബി വ്യക്തമാക്കി.
ഇന്ത്യ- പാക് സംഘർഷത്തിനിടെ രാജ്യത്ത് വ്യാജ വാർത്തകളും ഏറെ പ്രചരിപ്പിക്കുന്നുണ്ട്. സൈനിക ഇടപെടലുകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളെ തള്ളി പ്രതിരോധ വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുന്നു.
പാക് ആക്രമണത്തിൽ ഇന്ത്യൻ പ്രതിരോധ ആയുധം എസ് 400 ന് കേടുപാടുകൾ സംഭവിച്ചുവെന്ന വാർത്ത തള്ളി പ്രതിരോധ വൃത്തങ്ങൾ.വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ S - 400 കേടുപാടുകളില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
അതിനിടെ പാക്ക് അധീന കശ്മീരിൽ പോർവിമാനത്തിൽനിന്ന് ഇന്ത്യൻ പൈലറ്റ് പുറത്തുകടന്നുവെന്ന പ്രചാരണവും വ്യാജമാണ്. ഈ തലക്കെട്ടോടെപ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് പിഐബി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിക്കിടെ വനിതാ പൈലറ്റിനെ പാകിസ്താൻ പിടികൂടിയെന്ന വാർത്തയും വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളും വ്യാജമെന്ന് പിഐബി വ്യക്തമാക്കി.
അതേസമയം അതിർത്തിയിൽ പാകിസ്ഥാൻ്റെ തുടർപ്രകോപനങ്ങൾക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുകയാണ്. നാല് വ്യോമതാവളങ്ങളിലേക്ക് ഇന്ത്യൻ മിസൈൽ ആക്രമണം നടന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ രാത്രി വിവിധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും, ഭൂരിപക്ഷം മിസൈലുകൾ പ്രതിരോധിച്ചെങ്കിലും ചില മിസൈലുകൾ പ്രതിരോധം ഭേദിച്ചെന്നും പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറയുന്നു.
ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനിൽ നടത്തിയ മിസൈൽ ആക്രമണത്തിന് അധികം വൈകാതെ മറുപടി നൽകുമെന്നും അഹമ്മദ് ഷെരീഫ് മുന്നറിയിപ്പ് നൽകി. ഇന്ത്യ പാക് സംഘർഷത്തിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. നാഷണൽ കമാൻഡ് അതോറിറ്റി യോഗമാണ് ചേരുക. ആണവായുധ മിസൈൽ നയങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നതതല സമിതിയാണ് നാഷണൽ കമാൻഡ് അതോറിറ്റി.