റഷ്യയിലെ മലയാളി സംഘടനകൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ സന്ദീപിൻ്റെ ബന്ധുക്കൾ കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു
റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ആണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞതായി എംബസി ബന്ധുക്കളെ അറിയിച്ചു. സന്ദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും ഇന്ത്യൻ എംബസി ബന്ധുക്കളെ അറിയിച്ചു.
റഷ്യയിലെ മലയാളി സംഘടനകൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സന്ദീപിൻ്റെ ബന്ധുക്കൾ കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ ഇടപെടൽ. മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
READ MORE: റഷ്യന്‍ സൈന്യത്തിനു നേരെ യുക്രെയ്ന്‍ ഷെല്ലാക്രമണം: തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
റഷ്യൻ പട്ടാളത്തിനൊപ്പം ഉണ്ടായിരുന്ന സംഘത്തിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് ലഭിച്ചിരുന്ന വിവരം. ഇക്കാര്യം റഷ്യയിലെ മലയാളി അസോസിയേഷനാണ് പുറത്തുവിട്ടിരുന്നതെങ്കിലും ഇന്ത്യൻ എംബസ് സ്ഥിരീകരിച്ചിരുന്നില്ല.
ചാലക്കുടിയിലെ ഏജൻസി വഴിയാണ് സന്ദീപും മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്ററൻ്റിലെ ജോലിക്കെന്ന് പറഞ്ഞ് ഏപ്രിൽ രണ്ടിന് റഷ്യയിലേക്ക് പോയ സന്ദീപ് സൈനിക ക്യാംപിലെ ക്യാൻ്റിനിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് സുരക്ഷിതനാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചുവെന്നും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. റഷ്യയിൽ പൗരത്വം ലഭിക്കണമെങ്കിൽ സൈന്യത്തിൽ ചേരേണ്ടതുണ്ട്.