
മുംബൈയിലും അതിൻ്റെ സമീപ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. താനെ, പാൽഘർ ജില്ലകളിലും മഹാരാഷ്ട്രയുടെ മറ്റ് പല ഭാഗങ്ങളിലും അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് മുതൽ കൊങ്കണിലെ പാൽഘർ, താനെ, മുംബൈ, റായ്ഗഡ്, രത്‌നഗിരി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ ഇവിടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3-4 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) നിർദേശം നൽകി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പൂനെ, സത്താറ ജില്ലകളിലും വിദർഭയിലെ അമരാവതി, ഭണ്ഡാര, ചന്ദ്രപൂർ, ഗോണ്ടിയ ജില്ലകളിലും ഐഎംഡി ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്ററിൽ കൂടുതൽ കനത്ത മഴ പെയ്യുമെന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാത്ത് വാഡയിലെയും മിക്ക ജില്ലകളിലും ശനിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയും 30-40 കി.മീ വേഗതയുള്ള കാറ്റോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും പ്രവചിക്കുന്ന യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25, 26 തീയതികളിലും കൊങ്കണിലെയും പശ്ചിമ മഹാരാഷ്ട്രയിലെയും ചില ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൻ്റെ വടക്കൻ ഭാഗങ്ങളിലും വടക്കുകിഴക്കൻ ജാർഖണ്ഡിൻ്റെ സമീപ പ്രദേശങ്ങളിലും മഹാരാഷ്ട്ര തീരത്ത് കിഴക്കൻ മധ്യ അറബിക്കടലിലും ഒരു ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ