
എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സഹയാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു. എയര്‍ ഇന്ത്യയുടെ AI 2336 ഡല്‍ഹി-ബാങ്കോക്ക് വിമാനത്തിലാണ് സംഭവം. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ദേഹത്താണ് സഹയാത്രക്കാരന്‍ മൂത്രമൊഴിച്ചത്.
സംഭവം എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദുരനുഭവമുണ്ടായ യാത്രക്കാരന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചെങ്കിലും അദ്ദേഹം നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കോക്കില്‍ എത്തിയ യാത്രക്കാരന്‍ അധികാരികളെ സമീപിച്ച് പരാതി നല്‍കുകയും ചെയ്തു. അതേസമയം, മൂത്രമൊഴിച്ച യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത തുഷാര്‍ മസദ് എന്ന യാത്രക്കരനാണ് തൊട്ടടുത്ത സീറ്റിലിരുന്ന ബഹുരാഷ്ട്രകമ്പിനിയുടെ CEO ഹിരോഷി യോഷി സെയിന്‍ എന്ന വിദേശിയുടെ മേല്‍ മൂത്രം ഒഴിച്ചത്. സംഭവത്തില്‍ DGCA എയര്‍ ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിമാനത്തില്‍ മദ്യപിച്ചെത്തുന്ന ചിലര്‍ മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2023 മാര്‍ച്ചില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചുവെന്നാരോപിച്ച് യുഎസ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിലക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മദ്യപിച്ച യാത്ര്കകാരന്‍ വൃദ്ധയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.