
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിസ റദ്ദാക്കിയതിന് പിന്നാലെ യുഎസിലെ ഇന്ത്യൻ വിദ്യാർഥി സ്വമേധയാ രാജ്യത്തേക്ക് മടങ്ങി. കൊളംബിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ രഞ്ജിനി ശ്രീനിവാസനാണ് യുഎസ് വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയത്. അക്രമവും ഭീകരവാദവും ന്യായീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജനി ശ്രീനിവാസന്റെ വിസ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് റദ്ദാക്കിയത്.
ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജനി ശ്രീനിവാസൻ ഉൾപ്പെട്ടിരുന്നെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ ഭാഷ്യം. 2025 മാർച്ച് 5നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കിയത്. മാർച്ച് 11 ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിപിബി) ഏജൻസി ആപ്പ് ഉപയോഗിച്ച് ഇവർ സ്വയം നാടുവിടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.
യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമാണ് വിമാനത്താവളത്തില്‍ നിന്നുള്ള രഞ്ജിനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. "യുഎസിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പദവിയാണ്. നിങ്ങൾ അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോൾ ആ പദവി റദ്ദാക്കും. നിങ്ങൾ ഈ രാജ്യത്ത് ഉണ്ടാകരുത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ തീവ്രവാദ അനുഭാവികളിൽ ഒരാൾ സ്വയം നാടുകടത്താൻ സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്," ക്രിസ്റ്റി നോയിം എക്സിൽ കുറിച്ചു.
എന്താണ് സിബിപി ആപ്പ്?
അധികാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് 'സിബിപി ഹോം ആപ്പ്' ആരംഭിച്ചത്. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സ്വമേധയാ രാജ്യം വിടാൻ ഉദ്ദേശമുണ്ടെങ്കിൽ സിബിപി ആപ്പ് ഉപയോഗിക്കാം. ആപ്പിലെ ഓപ്ഷൻ ഉപയോഗിച്ച് സ്വമേധായ നാടുവിടുകയാണെങ്കിൽ നാടുകടത്തലുമായി ബന്ധപ്പെട്ട യുഎസ് നടപടികളിൽ നിന്ന് ഒഴിവാകാം.
ഇത്തരത്തിൽ സിബിപി ആപ്പ് ഉപയോഗിച്ചാണ് രഞ്ജിനി സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങിയത്. അടുത്തിടെ നാടുകടത്തപ്പെട്ടവരെപ്പോലെ യുഎസ് സൈനിക വിമാനത്തിൽ കയറ്റി നാട്ടിലേക്ക് അയക്കുന്ന രീതി, സിബിപി ആപ്പ് ഉപയോഗിച്ച് സ്വയം നാട് വിടുന്നത് വഴി ഒഴിവാക്കാൻ കഴിയും.
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പലസ്തീനെ പിന്തുണച്ചുള്ള പല വിദ്യാർഥി പ്രതിഷേധങ്ങളും കൊളംബിയ സർവകലാശാലയിൽ അരങ്ങേറിയിരുന്നു. കഴിഞ്ഞ വർഷം കാമ്പസിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന, സർവകലാശാലയിലെ മുൻ വിദ്യാർഥിയും പലസ്തീൻ വംശജനുമായ മഹ്മൂദ് ഖലീലിനെ കഴിഞ്ഞയാഴ്ച യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഗ്രീൻ കാർഡ് റദ്ദാക്കിയെങ്കിലും, നാടുകടത്തൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.