ജെഡി വാൻസ് ഭാര്യയെ വിശേഷിപ്പിക്കുന്നത് 'ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അതിബുദ്ധിമതിയായ മകള്‍'എന്നാണ്
ജനുവരി 20 ന് അമേരിക്കയിലെ കാപിറ്റോളില്‍ യുഎസ് ജനതയുടെ ഹര്‍ഷാരവങ്ങളുടെ നടുവില്‍ നിന്ന് കൊണ്ട് അമേരിക്കയുടെ 47 ആം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ആ ദിവസം തന്നെ യുഎസ് വൈസ് പ്രസിഡന്റായി ജെഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്യും. ആ സത്യപ്രതിജ്ഞ വേളയില്‍ വാന്‍സിന്റെ തോളോട് ചേര്‍ന്ന് നില്‍ക്കുവാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും യുഎസ് സെക്കന്റ് ലേഡിയായി തെരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ വംശജയായ ഉഷ ചിലുകൂരി വാന്‍സാണ്. ജെഡി വാന്‍സിന്റെ ഓര്‍മക്കുറിപ്പായ ഹില്‍ബില്ലി എലിജിയില്‍ [HILLBILLY ELEGY ] അദ്ദേഹം ഭാര്യയെ വിശേഷിപ്പിക്കുന്നത് 'ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അതിബുദ്ധിമതിയായ മകള്‍'എന്നാണ്. പിന്നീട് ഈ പുസ്തകം സിനിമയാക്കിയപ്പോള്‍ ഉഷയുടെ കഥാപാത്രത്തെ സ്‌ക്രീനിലേക്ക് എത്തിച്ചത് ഫ്രിഡ സെലീന പിന്റോ എന്ന ഇന്ത്യന്‍ നടിയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ അദ്ദേഹത്തിന് ജനപിന്തുണ വര്‍ധിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമല ഹാരിസിന് എതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപയോഗിക്കുകയും ചെയ്ത തുറുപ്പുചീട്ടാണ് 38കാരിയായ ഉഷ വാന്‍സ്.
തെലുങ്കു ദേശത്തില്‍ നിന്നും യുഎസ് രാഷ്ട്രീയത്തിലേക്ക്
1986 ജനുവരി ആറിന് യുഎസിലെ സാന്‍ ഡിയാഗോയില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ദമ്പതികളുടെ മൂത്ത മകളായിട്ടായിരുന്നു ഉഷ ചിലുകൂരി വാന്‍സിന്റെ ജനനം. ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയായ വഡലൂരിലാണ് ഉഷയുടെ തറവാട് വീട്. ഉഷയുടെ പിതാവ് ചിലുകൂരി രാധാകൃഷ്ണ, രാമ സുബ്രമണ്യ ശാസ്ത്രിയുടെ മകനായിരുന്നു. രാധാകൃഷ്ണ മദ്രാസ് ഐഐടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാന്തരബിരുദത്തോടെ പാസ്സാവുകയും തുടര്‍ന്ന് യുഎസിലേക്ക് കുടിയേറുകയുമായിരുന്നു. നിലവില്‍ ഉഷയുടെ അച്ഛന്‍ സാന്‍ ഡിയാഗോ സര്‍വകലാശാലയിലെ അധ്യാപകനായും അമ്മ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ മോളിക്യൂലര്‍ ബയോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നു. യേല്‍ സര്‍വകലാശാലയില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദാനന്തരബിരുദവും ലഭിച്ചു.
Also Read: ട്രംപ് വിരോധിയായിരുന്ന വൈസ് പ്രസിഡന്‍റ്; ആരാണ് ജെ.ഡി. വാന്‍സ്?
2013 ല്‍ യേല്‍ ലോ കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ യേല്‍ ലോ ജേര്‍ണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് എഡിറ്റര്‍ ആയും യേല്‍ ജേര്‍ണല്‍ ഓഫ് ലോ ആന്‍ഡ് ടെക്‌നോളജിയുടെ [Yale journal of Law and Technology ] മാനേജിങ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു. നിയമവിദ്യാര്‍ഥിനിയായിരിക്കെ ജെഡി വാന്‍സുമായി പ്രണയത്തിലാവുന്നു.2014 -ല്‍ ഇരുവരും വിവാഹിതരായി. ഇത് ജീവിതത്തിലെ വഴിത്തിരിവായി മാറി. നിയമജീവിതത്തില്‍ ജഡ്ജിമാരായ അമുല്‍ ഥാപ്പറിന്റെയും ബ്രെറ്റ് കവനോയുടെയും ജോണ്‍ റോബര്‍ട്‌സിന്റെയും ജുഡീഷ്യല്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് വാന്‍സിനൊടൊപ്പം യുഎസ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.
Also Read: ട്രംപിന്റെ വിശ്വസ്തന്‍, ഇനി സിഐഎ തലപ്പത്തേക്കും! ആരാണ് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍?
ഉഷയുടെ ഭര്‍ത്താവ് ജെഡി വാന്‍സ് ഒരു കാലത്തു ട്രംപ് വിരോധിയായിരുന്നു. ട്രംപിനെ 'കള്‍ച്ചറല്‍ ഹെറോയിന്‍' എന്നാണ് വാന്‍സ് ആദ്യകാലങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹം ട്രംപ് അനുഭാവിയായി മാറിയത്. 2022 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വാന്‍സ് ഒഹായോയില്‍ നിന്നും സെനറ്റിലേക്ക് മത്സരിച്ചിരുന്നു. യുഎസ് പൊതു രേഖകള്‍ പ്രകാരം 2014ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഭര്‍ത്താവ് ജെഡി വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് തിരിഞ്ഞപ്പോള്‍ 2022 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ആണ് ഉഷ വാന്‍സ് വോട്ട് രേഖപ്പെടുത്തിയത്. ജെഡി വാന്‍സിനെ ട്രംപ് വൈസ് പ്രസിഡന്റായി തീരുമാനിച്ച നിമിഷം അവര്‍ തന്റെ കോര്‍പ്പറേറ്റ് ലോ സ്ഥാനത്തു നിന്നും രാജിവെച്ചിരുന്നു.
ഉഷ വാന്‍സിന്റെ നിയമനം ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷ
ഉഷ വാന്‍സ് സെക്കന്റ് ലേഡിയായി വരുന്നതോടു കൂടി യുഎസ് രാഷ്ട്രീയ അരങ്ങില്‍ പുതുചരിത്രം രചിക്കപ്പെടും. ഇന്ത്യന്‍ വേരുകളുള്ള ഹിന്ദു മത വിശ്വാസിയായ ഒരു വ്യക്തി ആദ്യമായാണ് സെനറ്റിലേക്ക് സെക്കന്റ് ലേഡിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഉഷയുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന വഡലൂരില്‍ ട്രംപിന്റെ വിജയത്തിനായി പൂജകളും അര്‍ച്ചനകളും ക്ഷേത്രങ്ങളില്‍ പ്രദേശവാസികള്‍ നേര്‍ന്നിരുന്നു. അവിടുത്തെ ജനങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമായിരുന്നു ജെഡി വാന്‍സിന്റെയും ഉഷയുടേയും യുഎസ് കോണ്‍ഗ്രസ്സിലേക്കുള്ള പ്രവേശനം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എക്സില്‍ വാന്‍സിനെയും ഉഷയെയും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിട്ടിരുന്നു. ഉഷ വാന്‍സിന്റെ നിയമനം ലോകത്തുള്ള സകല തെലുങ്കു സമൂഹത്തിനും അഭിമാനനിമിഷമാണെന്നും വാന്‍സിനെയും ഉഷയെയും ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുവാനായി ക്ഷണിക്കുന്നുവെന്നും ചന്ദ്രബാബു നായിഡു തന്റെ പോസ്റ്റില്‍ കുറിച്ചു.
യുഎസ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു വിശാഖപട്ടണത്തിലെ ഉഷയുടെ അമ്മാവന്റെ ഭാര്യ 96 വയസുള്ള സന്തമ്മയുടെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു നീണ്ടനിര തന്നെ ഉണ്ടായിരുന്നു. ദി ഹിന്ദു ദിനപത്രത്തില്‍ സന്തമ്മ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-' ഉഷയുടെ അച്ഛന്‍ രാധാകൃഷ്ണന്‍ യുഎസിലേക്ക് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറിപ്പാര്‍ത്തതാണ്. ഉഷയും അവിടെയാണ് ജനിച്ചത്. പക്ഷെ ഒരിക്കലും ഉഷ തന്റെ വേരുകള്‍ മറക്കുവാന്‍ പാടില്ല.' ഇത് തന്നെയാണ് വഡലൂരിലെ ജനങ്ങളുടെയും പ്രാര്‍ത്ഥന... ഉഷ വാന്‍സിന്റെ വരവോടെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാവുമെന്നാണ് ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞരുടെ പ്രതീക്ഷ.