
പാരീസ് ഒളിംപിക്സിൽ ഷൂട്ടിംഗിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കർ ഇന്നിറങ്ങും. 10 മീറ്റർ എയർ പിസ്റ്റളിൽ മൂന്നാം സ്ഥാനത്തോടെയാണ് മനു ഫൈനൽ ഉറപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഫൈനൽ പോരാട്ടം. പാരിസിലെ ആദ്യ സ്വർണം ഷൂട്ടിംഗിൽ ചൈനയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ദക്ഷിണ കൊറിയ വെള്ളിയും കസാഖിസ്ഥാൻ വെങ്കലവും നേടി.
വനിതകളുടെ 10 മീറ്റർ എയർപിസ്റ്റൾ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ബാക്കർ. കഴിഞ്ഞ 20 വർഷത്തിനിടെ ഒളിംപിക്‌സിൽ ഏതെങ്കിലുമൊരു ഷൂട്ടിംഗ് മത്സരത്തിൽ ഫൈനലിലെത്തുന്ന വനിതാ താരവും മനു ഭാക്കറാണ്. യോഗ്യത റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്.
നേരത്തെ ഏറെ പ്രതീക്ഷകളുമായി പാരിസ് ഒളിംപിക്സിനെത്തിയ ഇന്ത്യൻ ഷൂട്ടിംഗ് സംഘം തിരിച്ചടി നേരിട്ടിരുന്നു. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ മത്സരിച്ച സന്ദീപ് സിംഗ്-എളവേനിൽ സഖ്യവും അർജുന- റമിത സഖ്യവും യോഗ്യത റൗണ്ടിൽ പുറത്തായി. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റളിൽ, ഷൂട്ടിംഗ് റേഞ്ചിലിറങ്ങിയ സരബ്ജോത് സിംഗിനും ഫൈനലുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.