ഷാജി എന്‍. കരുണിന്റെ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധപരവുമായ നിലപാടുകള്‍ക്കെതിരെ നിരന്തരമായി സര്‍ക്കാരിന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുള്ളതാണെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു
സിനിമാ നയരൂപീകരണ സമിതിയില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍. കരുണിനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ച് സംവിധായിക ഇന്ദു ലക്ഷ്മി. ഷാജി എന്‍. കരുണിന്റെ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധപരവുമായ നിലപാടുകള്‍ക്കെതിരെ നിരന്തരമായി സര്‍ക്കാരിന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുള്ളതാണെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു. ന്യൂസ് മലയാളത്തിനോടായിരുന്നു ഇന്ദുവിന്റെ പ്രതികരണം.
ഇന്ദു ലക്ഷ്മിയുടെ വാക്കുകള്‍:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സജീവമായിട്ടുള്ള ചര്‍ച്ചകളിലും വെളിപ്പെടുത്തലുകളിലുമൊക്കെ അതിന്റെ ഒരു പശ്ചാത്തലത്തില്‍ ചലച്ചിത്ര നയരൂപീകരണ സമതിയിലേക്ക് നമുക്ക് വേറെ ആരെയും കിട്ടിയില്ല എന്നത് പരിതാപകരമാണ്. മുകേഷും ഷാജി എന്‍. കരുണുമാണ് അതിലുള്ളത്. മുകേഷിനെതിരെ ലൈംഗികാരോപണം വന്നട്ടുള്ളതാണ്. ഷാജി എന്‍. കരുണിനെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി സര്‍ക്കാരിന് എഴുതിയും അല്ലാതെയും പരാതി നല്‍കിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വരഹിതമായിട്ടുള്ളതും സ്ത്രീവിരുദ്ധമായിട്ടുമുള്ള നിലപാടുകള്‍ക്കെതിരെ നമ്മള്‍ സംസാരിച്ചിട്ടുള്ളതാണ്.
ഇന്ന് രാവിലെയും കെഎസ്എഫ്ഡിസിയിലെ ഒരു സ്റ്റാഫ് അദ്ദേഹത്തിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും ഇവരൊന്നിച്ചിരുന്ന് നുണ പറയുകയാണ് എന്നുള്ള വിശ്വാസത്തിന്റെ പുറത്താണോ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ, എനിക്ക് മൊത്തത്തില്‍ ഇതൊരു മോക്കറിയായിട്ടാണ് തോന്നുന്നത്. കാരണം ചെളി പുരളാത്ത ആള്‍ക്കാര്‍ ആരും ഈ നാട്ടില്‍ ഇല്ലേ? ഇത്രയും ഗൗരവമുള്ള ഇത്രയും പൈസ മുടക്കി എടുത്തിട്ടുള്ള ഒരു റിപ്പോര്‍ട്ടിന് ഇത്രയും ഗൗരവും മാത്രമെ സര്‍ക്കാര്‍ കൊടുക്കുന്നുള്ളൂ എന്നാണ് എനിക്ക് അറിയേണ്ടത്.
READ MORE: മുകേഷ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം; നടി ഗായത്രി വർഷ
കാരണം ഈ പ്രശ്നം ഉണ്ടാക്കിയ ആള്‍ക്കാര്‍, കുറ്റാരോപിതര്‍ എന്നവരെ നിങ്ങള്‍ വിളിച്ചോളൂ. കുറ്റക്കാരെന്ന് വിളിക്കേണ്ട, നിങ്ങള്‍ അത്രയും പോളിഷ് ചെയ്ത് പറഞ്ഞോളൂ. കുറ്റാരോപിതര്‍ അല്ലാത്ത ആരുമില്ല. അവരോട് തന്നെയാണോ ഇത് പരിഹരിക്കാനുള്ള ഒരു സൊല്യൂഷന്‍ നിങ്ങള്‍ ചോദിക്കേണ്ടത്? അവരോട് തന്നെയാണോ ഇതിൻ്റെ നയം ഉണ്ടാക്കാന്‍ പറയുന്നത്. അപ്പോള്‍ അവര്‍ എന്ത് തരത്തിലുള്ള ഒരു നയമായിരിക്കും ഉണ്ടാക്കാന്‍ സാധ്യതയുള്ളത്? അവര്‍ക്ക് അനൂകൂലമായത് ആയിരിക്കുമോ അതോ, ഇവിടെയുള്ള ബാക്കി മനുഷ്യര്‍ക്ക് കൂടി അനൂകൂലമായതായിരിക്കുമോ? ഇവിടെ ഒരു ട്രാന്‍സ്‌പരൻ്റായ ഒരു സിസ്റ്റം കൊണ്ടുവരുന്നതിനെ ആയിരിക്കുമോ അവര്‍ പ്രോത്സാഹിപ്പിക്കുന്നത്. അതോ അവരെ പോലുള്ളവര്‍ക്ക് പഴുതുകള്‍ ഉണ്ടാക്കാനായിരിക്കുമോ അവര്‍ നോക്കുന്നത്.
ഇത് വളരെ പരിതാപകരമാണ്. ഇത് കോമഡിയായിട്ട് പറയാന്‍ കൊള്ളാം. കാരണം അവരെ തന്നെ പിടിച്ച് അതിന്റെ മണ്ടേലിരുത്തുന്നത് വളരെ പരിഹാസമായിട്ടുള്ള കാര്യമായാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇത് പുനഃപരിശോധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ അതിനോടൊക്കെ ഒന്നും കേട്ടിട്ടില്ല കണ്ടിട്ടില്ല എന്ന സമീപനം എടുക്കുന്നത് ഒരു ജനാധിപത്യപരമായ ഇടത്ത് ശരിയായിട്ടുള്ള കാര്യമല്ല. ഇവരിലൊക്കെ അത്രയേറെ വിശ്വാസം നിങ്ങള്‍ വെച്ചോളൂ. അവര്‍ക്ക് അധികാരവുമെല്ലാം കൊടുത്തോളൂ. പക്ഷെ ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ ചരിത്രപരമായൊരു സമയത്ത് ഇത് ഓര്‍മിപ്പിക്കപ്പെടുമെന്ന കാര്യം കൂടെ നിങ്ങള്‍ ഓര്‍ത്താല്‍ നന്നായിരുന്നു. ഇതിന് തക്കതായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
READ MORE: ബാബുരാജിനും ശ്രീകുമാര്‍ മേനോനും എതിരെ പരാതി നല്‍കി; ആവശ്യമെങ്കില്‍ തെളിവുകള്‍ നല്‍കുമെന്ന് യുവതി