"വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ

പ്രശസ്‌തമായ ഒരു അവാർഡ് ദാന ചടങ്ങിനേക്കാൾ രോഗബാധിതനായ തൻ്റെ നായയ്ക്ക് മുൻഗണന നൽകാനുള്ള രത്തൻ ടാറ്റയുടെ തീരുമാനം ചാൾസ് രാജകുമാരനെ പോലും വിസ്മയിപ്പിച്ചു
"വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ
Published on

ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് രത്തൻടാറ്റ. തൻ്റെ ബിസിനസ് മിടുക്കിൽ മാത്രമല്ല പ്രചോദനാത്മകമായ ശൈലിയിലും ശ്രദ്ധേയമാണ് അദ്ദേഹത്തിൻ്റെ ജീവിതം. സഹജീവികളോടുള്ളതു പോലെ തന്നെ മിണ്ടാപ്രാണികളായ മൃഗങ്ങളോടും രത്തൻ ടാറ്റ പ്രത്യേകമായ സ്നേഹം പുലർത്തിയിരുന്നു.



"വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം"... രത്തൻ ടാറ്റയുടെ തന്നെ വാക്കുകളാണിത്. വിശാലമായ വ്യവസായ സാമ്രാജ്യത്തിലും വ്യത്യസ്തവും വിഖ്യാതവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത ശൈലികൾ.ആറ് ഭൂഖണ്ഡങ്ങളിൽ 100-ലധികം രാജ്യങ്ങളിലായി 30-ലധികം കമ്പനികളിൽ സ്വാധീനവും നിയന്ത്രണവും ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ ശത കോടീശ്വരന്‍മാരുടെ ഒരു പട്ടികയിലും ഇടം പിടിച്ചിട്ടില്ല.



മനുഷ്യരോടുള്ള പോലെ തന്നെ രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹവും വളരെ വലുതാണ്. രത്തൻ ടാറ്റയുടെ നായപ്രേമത്തെക്കുറിച്ച് വ്യവസായിയും കോളമിസ്റ്റും നടനുമായ സുഹേൽ സേത്ത് പങ്കുവെച്ച അനുഭവത്തിൻ്റെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

2018-ൽ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനത്തനങ്ങളിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നൽകാനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. എന്നാൽ രത്തൻ ടാറ്റയ്ക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. തൻ്റെ വളർത്തു നായയ്ക്ക് സുഖമില്ലാത്ത കാരണത്താൽ അവസാന നിമിഷം ഇംഗ്ലണ്ടിലേക്കുള്ള യാത്ര അദ്ദേഹം ഒഴിവാക്കി. പ്രശസ്‌തമായ ഒരു അവാർഡ് ദാന ചടങ്ങിനേക്കാൾ രോഗബാധിതനായ തൻ്റെ നായയ്ക്ക് മുൻഗണന നൽകാനുള്ള രത്തൻ ടാറ്റയുടെ തീരുമാനം ചാൾസ് രാജകുമാരനെ പോലും വിസ്മയിപ്പിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ രത്തൻ ടാറ്റയുടെ ആദർശങ്ങളെയും മുൻഗണനകളെയും ചാൾസ് രാജകുമാരൻ അഭിനന്ദിച്ചുവെന്നും സുഹേൽ സേത്ത് പറയുന്നു.



നായകൾക്ക് വേണ്ടി മുംബൈയിൽ ആരംഭിച്ച മൃഗാശുപത്രിയാണ് രത്തൻ ടാറ്റയുടെ അവസാന സംരംഭം. രത്തൻ ടാറ്റായുടെ ദീർഘകാല സ്വപ്ന പദ്ധതിയായിരുന്നു ഇത്. 165 കോടി ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടു കൂടിയായിരുന്നു നിർമ്മാണം. ജൂലൈ ഒന്നിന് ടാറ്റാ ട്രസ്റ്റിൻ്റെ സ്‌മോൾ അനിമൽ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.



ഇന്ത്യൻ‌ നിരത്തുകളിൽ കുടുംബങ്ങൾക്ക് മഴ നനയാതെയും വെയിലേല്‍ക്കാതെയും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനമെന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിൽ നിന്നാണ് ടാറ്റാ നാനോ എന്ന കുഞ്ഞന്‍ കാർ ഉടലെടുക്കുന്നത്. ഇരുചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കാണാൻ ഇടയായതാണ് രത്തൻ ടാറ്റയെ ഈ ആശയത്തിലേക്ക് എത്തിച്ചത്. രത്തൻ‌ ടാറ്റയ്ക്കും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്. അദ്ദേഹം നാനോയിൽ വന്നിറങ്ങുന്നതും സഞ്ചരിക്കുന്നതും കണ്ട് അമ്പരന്നവർ‌ വരെയുണ്ട്.

മികച്ച ആശയങ്ങളുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്കും രത്തൻ ടാറ്റ നിരവധി സഹായം നൽകിയിട്ടുണ്ട്. ഒരു പ്രതീക്ഷയുമില്ലാതെ ടാറ്റക്ക് കത്തെഴുതിയവരെ പോലും വിസ്മയിപ്പിച്ച് അദ്ദേഹം തിരിച്ചു വിളിക്കുകയും, കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com