ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന കാഴ്ചപ്പാടിൽ മാറ്റമില്ല, അത് മരണം വരെ തുടരും; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് നാരായണ മൂര്‍ത്തി

നേരത്തെ ഇന്ത്യക്കാര്‍ 70 മണിക്കൂറോളം ഒരാഴ്ചയില്‍ ജോലി ചെയ്യേണ്ടതുണ്ടെന്നും അതാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നും നാരായണ മൂര്‍ത്തി പറഞ്ഞത് വിവാദമായിരുന്നു.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന കാഴ്ചപ്പാടിൽ മാറ്റമില്ല, അത് മരണം വരെ തുടരും; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് നാരായണ മൂര്‍ത്തി
Published on


ആഴ്ചയില്‍ അഞ്ചു ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആശയം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സിഎന്‍ബിസി ഗ്ലോബല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയാണ് തന്റെ വാദം വീണ്ടും നാരായണ മൂര്‍ത്തി ആവര്‍ത്തിച്ചത്.

1986ല്‍ ആറ് പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് അഞ്ചാക്കി കുറച്ചപ്പോള്‍ താന്‍ അത്യധികം നിരാശനായിരുന്നുവെന്നും അത്തരത്തില്‍ വ്യക്തികളുടെ വര്‍ക്ക് ലൈഫ് തുലനപ്പെടുത്താനുള്ള സാഹചര്യമല്ല ഇന്ത്യയില്‍ ഉള്ളതെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

നേരത്തെ ഇന്ത്യക്കാര്‍ 70 മണിക്കൂറോളം ഒരാഴ്ചയില്‍ ജോലി ചെയ്യേണ്ടതുണ്ടെന്നും അതാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നും നാരായണ മൂര്‍ത്തി പറഞ്ഞത് വിവാദമായിരുന്നു. ഈ കാഴ്ച്ചപ്പാട് താന്‍ മരണം വരെ പിന്തുടരുമെന്നും നാരായണ മൂര്‍ത്തി വീണ്ടും പറഞ്ഞു.

'1986ല്‍ നമ്മള്‍ ആറ് പ്രവൃത്തി ദിനത്തില്‍ നിന്ന് അഞ്ച് പ്രവൃത്തി ദിനത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ഞാന്‍ വലിയ നിരാശയിലായിരുന്നു എന്ന് ഇപ്പോള്‍ തുറന്നു പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 ദിവസം ജോലി ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുന്ന ജോലിയിലൂടെ മാത്രമാണ്,' നാരായണ മൂര്‍ത്തി പറഞ്ഞു.

ഇന്ത്യയില്‍ കഠിനാധ്വാനത്തിന് ഒരു ബദലുമില്ല. നിങ്ങള്‍ സ്മാര്‍ട്ട് ആണെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. എന്റെ ജീവിതം മുഴുവന്‍ കഠിനാധ്വാനം ചെയ്തതില്‍ ഞാന്‍ അത്യധികം സന്തോഷവാനാണ്. മാത്രമല്ല, ഞാന്‍ എന്റെ കാഴ്ചപ്പാട് ഒട്ടും തിരുത്തിയിട്ടില്ലെന്നുകൂടി ഈ അവസരത്തില്‍ പറയുകയാണ്. ഈ കാഴ്ച്ചപാട് തന്നെ ഞാന്‍ മരിക്കുന്നത് വരെ പിന്തുടരും,'നാരായണ മൂര്‍ത്തി പറഞ്ഞു.

ഇന്ത്യയുടെ പുരോഗതി വിശ്രമിക്കുന്നതിലല്ല, ത്യാഗത്തിലും കഠിനമായ പരിശ്രമത്തിലുമാണുള്ളതെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. താന്‍ 14 മണിക്കൂറോളം ഒരു ദിവസം ജോലി ചെയ്തിരുന്നതായും ആഴ്ചയില്‍ ആറര ദിവസത്തോളം പ്രൊഫഷണല്‍ ആയ കാര്യങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com