
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികളും വാഗ്ദാനങ്ങളുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് അതില്‍ പ്രധാനം. സംസ്ഥാനങ്ങള്‍ക്കായി 1.5 ലക്ഷം കോടിയുടെ പലിശ രഹിത വായ്പയാണ് ബജറ്റിലെ വാഗ്ദാനം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വഴി അടിസ്ഥാന സൗകര്യങ്ങളിലുള്ള സ്വകാര്യ നിക്ഷേപം സുഗമമാക്കാനാണ് ഉദ്ദേശ്യമെന്നും ധമന്ത്രി വ്യക്തമാക്കി.
റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. 26,000 കോടി ചെലവില്‍ റോഡ് ഗതാഗത പദ്ധതികള്‍ നടപ്പാക്കും. അമൃത്‌സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴി സാക്ഷാത്കരിക്കും. 2025 സാമ്പത്തിക വര്‍ഷത്തെ കാപെക്സിനായി (കാപിറ്റല്‍ എക്സ്പെന്‍ഡീച്ചര്‍) 11.11 ലക്ഷം കോടി രൂപ സർക്കാർ നൽകും.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 25 ഗ്രാമങ്ങളില്‍ കൂടി നടപ്പാക്കും. അസമിലെ പ്രളയബാധിത മേഖലകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുക്കുന്ന നഗരങ്ങളില്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു.