
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഷിബിലയുടെ കുടുംബം രംഗത്ത്. അപകടഭീഷണി ഉണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. മെല്ലെപോക്ക് നയം സ്വീകരിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടു.
പ്രതി യാസിറിന് കടുത്ത ശിക്ഷ നൽകണമെന്നും ലഹരിയുടെ അതിപ്രസരം കൊണ്ട് ഉണ്ടായ കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.യാസിറിൻ്റെ കുടുംബത്തേയും ഷിബിലയുടെ പിതാവ് കുറ്റപ്പെടുത്തി. പ്രതിയുടെ ഉമ്മ കൊലയെ ന്യായീകരിക്കുന്നത് ആയി കണ്ടു.5 വർഷം ആയി മകളുടെ വിവാഹം കഴിഞ്ഞിട്ട്, 2 വർഷം ആയി കുടുംബവുമായി നല്ല അടുപ്പമാണ്.പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ പള്ളിക്കമ്മിറ്റിയിൽ വിവരം അറിയിച്ചു. പ്രശ്ന പരിഹാരത്തിന് വിളിച്ചപ്പോൾ യാസിറിൻ്റെ കുടുംബം ഒഴിഞ്ഞു മാറിയെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. കൃത്യം നടത്തിയ വീട്, കത്തിവാങ്ങിയ കട, പെട്രോൾ പമ്പ് എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. യാസിർ സഞ്ചരിച്ച കാറും, കൊലപാതകം നടത്താനുപയോഗിച്ചെന്ന് കരുതുന്ന കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിൽ യാസിറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പ്രതി ഭാര്യ ഷിബിലയോട് ക്രൂരമായി പെരുമാറിയെന്ന കാര്യം തുറന്ന് പറഞ്ഞത്. ലഹരിക്കടിമയായിരുന്ന യാസിർ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയിരുന്നതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പറഞ്ഞു. ശാരീരിക മർദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവർ പറഞ്ഞു.
യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്നും ക്ലിനിക് വളണ്ടിയർ പറഞ്ഞു.
മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികത വൈകൃതമാണ് യാസിർ ഷിബിലയോട് ചെയ്തത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ തിരക്കിയ സാമൂഹ്യപ്രവർത്തകയോട് ഷിബില ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും ഒരു വർഷത്തോളം മാത്രമാണ് ഇരുവരും സ്നേഹത്തോടെ കഴിഞ്ഞത്. അതിന് ശേഷം രാവും പകലും യാസിർ മദ്യപിച്ചെത്തി ഷിബിലിയെ ഉപദ്രവിക്കുമായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതമാണ് ഷിബിലയെ തളർത്തിയതെന്നും ഇനി യാസിറിൻ്റെ കൂടെ പോകണ്ടെന്ന് ഷിബില പറഞ്ഞിരുന്നെന്നും ക്ലിനിക് വളണ്ടിയർ പറഞ്ഞു.
കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം യാസിറിന്റെ ഭാര്യ ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നത് നിർത്താൻ ഷിബില പലവട്ടം യാസിറിനോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് ഷിബില കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയത്. ഫോൺ വിളിച്ചും സാമൂഹിക മാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസിറിന്റെ വീട്ടിലായിരുന്നു. പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ തുടർ നടപടികൾ മധ്യസ്ഥ ചർച്ചയിൽ ഒതുക്കുകയായിരുന്നു.