ട്രെൻഡിങ്ങായ ഈ പാട്ടുപയോഗിച്ച് ഏകദേശം 42000 റീലുകളാണ് ഇതുവരെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയിലെ സ്വർഗത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഹിറ്റായ ഒരു പാട്ട്. ഭാഷയും അതിർത്തികളും കടന്ന് മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരു കാശ്മീരി പാട്ടിന്റെ കഥയാണിത്. മലയാളികളുടെ ഹൃദയത്തിൽ ലൂപ്പിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന യവാർ അബ്ദലെന്ന കശ്മീരി ഗായകൻ്റെ ദിൽഷാദ് എന്ന ഗാനത്തിൻ്റെ കഥ.
"ഞാൻ എൻ്റെ ഭാഷയുമായി അഗാധമായ പ്രണയത്തിലാണ്. അതിനെ എൻ്റെ നഗരത്തിൽ മാത്രം ഒതുക്കിനിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിൻ്റെ സുഗന്ധം ലോകം മുഴുവൻ പരത്തണം,"- വർഷങ്ങൾക്ക് മുൻപ് യവാർ അബ്ദൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. പക്ഷേ ചില കാര്യങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കൂല്ലാന്ന് പറഞ്ഞത് പോലെ, യവാറിൻ്റെ കശ്മീരി ഗാനം കേരളത്തിൽ ഹിറ്റായി. ദിൽഷാദിൽ നമുക്ക് പരിചിതമായ ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല. എങ്കിലും പാട്ടുകേട്ട ചിലർ തൻ്റെ ദൂരെയുള്ള കാമുകിയെ ഓർത്തു. ചിലർ നഷ്ടപ്രണയത്തെക്കുറിച്ചോർത്തു. പ്രവാസികൾ നാടും വീടും കുടുംബവുമോർത്തു. എങ്ങനെയാണെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ സ്നേഹത്തിനും സംഗീതത്തിനും ഭാഷയില്ല. അതിർത്തികളും.
ALSO READ: "കൊതുകിനെ കൊടുത്താൽ പൈസ നേടാം"; വിചിത്ര പ്രഖ്യാപനവുമായി ഫിലിപ്പീനിയൻ ഗ്രാമം
യവാർ അബ്ദലിൻ്റെ പാട്ട് കേരളത്തിൽ ഹിറ്റായത് പൂച്ച കട്ലറ്റിലൂടെയാണ്. ബാദുഷ മുഹമ്മദ് എന്ന ഇൻസ്റ്റഗ്രാം കോണ്ടൻ്റ് ക്രിയേറ്ററുടെ പൂച്ച കട്ലറ്റ് റീൽ കാണ്ടവരെല്ലാം ആദ്യം ശ്രദ്ധിച്ചത് ആ പാട്ടാണ്. കിട്ടിയ വാക്കുകളെല്ലാം കൂട്ടി പെറുക്കി മലയാളികൾ ഗാനത്തിനായി യൂട്യൂബിൽ തിരഞ്ഞു. തപ്പി തിരഞ്ഞ് കിട്ടിയ യൂട്യൂബ് വീഡിയോയിലെ കമൻ്റ്ബോക്സ് നോക്കിയപ്പോളോ, പകുതിയിലധികവും മലയാളികൾ. റീലുകൾ കണ്ട് തപ്പിയെത്തിവർ തന്നെയാണ് ഇവരും. ട്രെൻഡിങ്ങായ ഈ പാട്ടുപയോഗിച്ച് ഏകദേശം 42000 റീലുകളാണ് ഇതുവരെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത.