പത്ത് ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി, 800 വാക്കില്‍ പ്രസംഗം തീര്‍ത്ത പട്ടേല്‍, ഡിജിറ്റലാക്കിയ നിര്‍മല; ബജറ്റിലെ കൗതുകങ്ങള്‍

അച്ചടിച്ച കടലാസുകള്‍ തുന്നിക്കെട്ടി, പുറംചട്ടയിട്ട ബജറ്റ് വലിയ തുകല്‍ ബാഗില്‍ കൊണ്ടുവന്ന് അവതരിപ്പിക്കുന്ന രീതിക്ക് മാറ്റമിട്ടത് നിര്‍മലയായിരുന്നു.
നിർമല സീതാരാമൻ
നിർമല സീതാരാമൻ
Published on


ബിജെപി നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനുള്ള തയ്യാറെടുപ്പിലാണ് ധനമന്ത്രി നിർമല സീതാരാമൻ. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നതിനാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റായിരിക്കും നിര്‍മല അവതരിപ്പിക്കുക. 2019 മുതല്‍ ധനമന്ത്രിയായ നിര്‍മലയുടെ ഏഴാമത് ബജറ്റാണ് ഇത്. കോവിഡിനെത്തുടര്‍ന്ന് ആദ്യമായി കടലാസ് രഹിത, ഡിജിറ്റല്‍ ബജറ്റ് അവതരിപ്പിച്ച നിര്‍മലയ്ക്ക് ഒരുപിടി റെക്കോഡുകളും സ്വന്തമാണ്. ഇത്തരത്തില്‍ ആകര്‍ഷകമായ വസ്തുതകള്‍ക്കൊപ്പം ഒരുപിടി കൗതുകങ്ങളും നിറഞ്ഞതാണ് ഇന്ത്യയുടെ ബജറ്റ് ചരിത്രം.

സ്വതന്ത്ര ഇന്ത്യയും ബജറ്റും
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയായിരുന്നു. 1947 നവംബർ 26 നായിരുന്നു ബജറ്റ് അവതരണം. തുടര്‍ന്നിങ്ങോട്ട്, ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസം, വൈകിട്ട് അഞ്ചിനായിരുന്നു ബജറ്റ് അവതരിപ്പിച്ചു വന്നത്. കൊളോണിയല്‍ കാലത്തെ രീതി 1999 വരെ അത് തുടര്‍ന്നു. 1999ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ ബജറ്റ് അവതരണ സമയം രാവിലെ 11 ആക്കി. 2017ല്‍, അരുൺ ജെയ്റ്റ്‌ലി, ബജറ്റ് അവതരണം ഫെബ്രുവരി അവസാന പ്രവൃത്തിദിവസത്തില്‍നിന്ന് ഒന്നാം തീയതിയിലേക്ക് മാറ്റി. 2019ല്‍ വീണ്ടുമൊരു മാറ്റം സംഭവിച്ചു. അച്ചടിച്ച കടലാസുകള്‍ തുന്നിക്കെട്ടി, പുറംചട്ടയിട്ട ബജറ്റ് വലിയ തുകല്‍ ബാഗില്‍ കൊണ്ടുവന്ന് അവതരിപ്പിക്കുന്ന രീതിക്ക് മാറ്റമിട്ടത് നിര്‍മലയായിരുന്നു. കടലാസ് രഹിത, ഡിജിറ്റല്‍ ബജറ്റാണ് നിര്‍മല അവതരിപ്പിച്ചത്. സില്‍ക്ക് ബാഗില്‍ കൊണ്ടുവന്ന ടാബ് നോക്കിയായിരുന്നു നിര്‍മലയുടെ ബജറ്റ് അവതരണം.

പത്ത് ബജറ്റെന്ന റെക്കോഡ്
ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കാണ്. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. അതില്‍ രണ്ട് തവണ അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു. ഒമ്പത് ബജറ്റ് അവതരിപ്പിച്ച പി. ചിദംബരം ആണ് തൊട്ടുപിന്നില്‍. പ്രണബ് മുഖര്‍ജി (8), യശ്വന്ത് സിൻഹ, വൈ ബി ചവാൻ, സി ഡി ദേശ്മുഖ് (7 വീതം), മൻമോഹൻ സിങ് (6), അരുൺ ജെയ്റ്റ്‌ലി (5) എന്നിങ്ങനെയാണ് പട്ടിക.

ഇന്ദിരയ്ക്കുശേഷം നിര്‍മല
ആദ്യമായി ബജറ്റ് അവതരിപ്പിച്ച വനിത, ധനമന്ത്രി കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അടുത്തൊരു വനിതയുടെ ബജറ്റ് അവതരണത്തിനായി, 2019 വരെ കാത്തിരിക്കേണ്ടിവന്നു. നിര്‍മല സീതാരാമനായിരുന്നു അതിനുള്ള നിയോഗം. അന്നുമുതല്‍ ആറ് ബജറ്റുകളാണ് നിര്‍മല അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡും നിര്‍മലയ്ക്ക് സ്വന്തമായി. മാത്രമല്ല, 2021ല്‍ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചതും നിര്‍മലയായിരുന്നു. തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍മല, മൊറാര്‍ജി ദേശായിയുടെ തുടര്‍ച്ചയായ ആറ് ബജറ്റെന്ന റെക്കോഡും ഇക്കുറി മറികടക്കും.

ദൈർഘ്യമേറിയ പ്രസംഗം - സമയം
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോഡും നിര്‍മലയ്ക്ക് സ്വന്തമാണ്. 2020ല്‍ രണ്ട് മണിക്കൂറും 42 മിനിറ്റും കൊണ്ടാണ് നിര്‍മല ബജറ്റ് അവതരിപ്പിച്ചത്. അപ്പോഴും രണ്ട് പേജ് വായിക്കാതെ വിട്ടു. ജസ്വന്ത് സിങ് ( 2 മണിക്കൂര്‍, 13 മിനിറ്റ് -2003), അരുൺ ജെയ്റ്റ്‌ലി (2 മണിക്കൂര്‍, 10 മിനിറ്റ് -2014) എന്നിവരാണ് നിര്‍മലയ്ക്ക് പിന്നിലുള്ളവര്‍.

ദൈർഘ്യമേറിയ പ്രസംഗം - വാക്ക്
അതേസമയം, വാക്കുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍, ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം മന്‍മോഹന്‍ സിംഗിന്റേതാണ്. 1991ല്‍ 18,650 വാക്കുകളാണ് മന്‍മോഹന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. അരുണ്‍ ജെയ്റ്റ്ലി (18,604 വാക്കുകള്‍ -2018) ആണ് രണ്ടാമന്‍. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ബജറ്റ് അവതരിപ്പിച്ചത് 1977ല്‍ ധനമന്ത്രിയായിരുന്ന ഹിരുഭായ് മുൽജിഭായ് പട്ടേലാണ്. 800 വാക്കുകളിലായിരുന്നു പട്ടേലിന്റെ ബജറ്റ് പ്രസംഗം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com