'എന്റെ സിനിമയ്ക്ക് ചരിത്രപരമായ മൂല്യം വേണമെന്നത് നിർബന്ധമായിരുന്നു'; 'സ്വപ്നായന'ത്തെപ്പറ്റി കെ.ഒ. അഖിൽ

സിനിമയുടെ രചന, തിരക്കഥ, ഛായാഗ്രഹണം എന്നിവയും അഖിൽ തന്നെയാണ് നിർവഹിച്ചത്
'എന്റെ സിനിമയ്ക്ക് ചരിത്രപരമായ മൂല്യം വേണമെന്നത് നിർബന്ധമായിരുന്നു'; 'സ്വപ്നായന'ത്തെപ്പറ്റി കെ.ഒ. അഖിൽ
Published on


ഇരുപത്തി ഒൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തരത്തിൽ ചർച്ചയാകപ്പെട്ടൊരു സനിമയാണ് മേളയുടെ സി​ഗ്നേച്ചർ ഫിലിമായ സ്വപ്നായനം. മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിയുടെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രാഹകനായ കെ.ഒ അഖിലാണ് ചിത്രത്തിന്റെ സംവിധയകാൻ. സിനിമയുടെ രചന, തിരക്കഥ, ഛായാഗ്രഹണം എന്നിവയും അഖിൽ തന്നെയാണ് നിർവഹിച്ചത്. മലയാള സിനിമയിൽ തന്റെ 'സ്വപ്നായന'ത്തിനെപ്പറ്റി ന്യൂസ് മലയാളത്തോട് സംസാരിക്കുകയാണ് അഖിൽ

സ്വപ്നായനം എന്ന സിനിമയുടെ പ്രചോദനം എന്തായിരുന്നു?

സ്വപ്നായനം എന്ന ടൈറ്റിലിലേക്ക് എത്തുന്നത് പിന്നീടായിരുന്നു. സിനിമ എന്ന മാധ്യമം എല്ലാരും ആസ്വദിക്കണം എന്നൊരു ചിന്തയിൽ നിന്നാണ് ഈ ഒരു ആശയത്തിലേക്കെത്തുന്നത്. സിനിമ ആസ്വാദനം എന്നൊരു പോയിന്റിലേക്ക് എത്തിയപ്പോൾ ആദ്യ കാലത്ത് മലയാളികൾ എന്നാണ് എങ്ങനെയാണ് സിനിമ ആസ്വദിക്കാൻ തുടങ്ങിയത് എന്നൊരു ചോദ്യം ഉയർന്നു. ആദ്യ ഫീച്ചർ ഫിലിമായ വിഗതകുമാരൻ ആണ് ആദ്യമായി പ്രദർശിപ്പിച്ചത് തിരുവനന്തപുരത്താണ്. എന്നാൽ തുടർന്നുണ്ടായ കോലാഹലങ്ങൾ എല്ലാം നമ്മുടെ സിനിമ ചരിത്രത്തിന് തന്നെ വലിയൊരു അപമാനമാണ്. അവിടെ നിന്ന് മലയാള സിനിമ 100 വർഷത്തിലേക്ക് കടക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ സിനിമാസ്വാദനത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതായിരുന്നു ആശയത്തിന്റെ പിന്നിൽ.


പി.കെ. റോസിയെ ചിത്രത്തിലേക്ക് കൊണ്ടുവന്നതും ഇതേ കാരണം കൊണ്ടാണോ?

തീർച്ചയായും അതെ. വിഗതകുമാരൻ എന്ന ചിത്രത്തിലെ നായിക ആയിരുന്ന അവർക്ക് പിന്നീട് നേരിടേണ്ടിവന്നതൊക്കെ മോശമായ അനുഭവങ്ങൾ ആണ്. അത്രയും മോശമായ ഒരു ഭൂതകാലമായിരുന്നു മലയാള സിനിമയുടേത്. അതങ്ങനെ തന്നെ നോക്കി കാണണം എന്നതാണ്. കൂടാതെ ഒരു സംവിധയകാൻ എന്ന നിലയിൽ പി.കെ. റോസിയെ പോലൊരു നായികയെ സ്‌ക്രീനിൽ കൊണ്ടുവരുമ്പോൾ അവരുടെ പ്രതിച്ഛായയ്ക്ക് മോശം സംഭവിക്കാനും പാടില്ല. ഒപ്പം അത്രയും ധൈര്യശാലിയായ ഒരു ഇമേജ് ആകണം ക്രിയേറ്റ് ചെയ്യണ്ടത് എന്നതും നിർബന്ധമായിരുന്നു. ഒരു സംവിധയകാൻ എന്ന നിലയിൽ അതെന്റെ ഉത്തരവാദിത്തം ആയിരുന്നു.


പി.കെ. റോസിയെ അവതരിപ്പിക്കുമ്പോൾ അതിനൊരു നടി തന്നെമതി എന്ന ഒരു തീരുമാനം എങ്ങനെയായിരുന്നു?

നമ്മൾ ഇന്ന് കാണുന്ന പി.കെ. റോസിയുടെ ചിത്രങ്ങൾ എടുത്തത് 1970 കളിലാണ്. അത് വളരെ വ്യക്തത കുറഞ്ഞ ചിത്രങ്ങൾ ആണ്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് അവരെ കൊണ്ടുവരുമ്പോൾ വ്യക്തവും ആധികാരികവുമായ ഒരു ചിത്രം നൽകുക എന്നത് ഒരു ഇമേജ് ക്രിയേറ്റർ എന്ന നിലയിൽ വലിയ ഉത്തരവാദിത്തമുള്ള ഒന്നാണ്. അതുകൊണ്ട് സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ എഐ അടക്കമുള്ള മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ അത്ര കോൺഫിഡൻസ് ഉണ്ടായില്ല. അതാണ് ഒരു നായിക തന്നെ മതി എന്ന തീരുമാനത്തിലേക്ക് എത്തിയത്.


ഐഎഫ്എഫ്കെ പോലെയൊരു ഫെസ്റ്റിവലിന്റെ സ്പിരിറ്റ് മുഴുവൻ ഉൾക്കൊള്ളുന്ന സി​ഗ്നേച്ചർ ചിത്രം നിർമിക്കുക വെല്ലുവിളിയായിരുന്നു?


തീർച്ചയായും. ഒരുപാട് പ്രതിഭകൾ ചെയ്ത സിനിമകളും, അന്തരാഷ്ട്ര സിനിമകളും പ്രദർശനവും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തുമ്പോൾ അതിന്റെതായ ഉത്തരവാദിത്തങ്ങളും എനിക്കുണ്ട്. അതിനാൽ തന്നെ ഞാൻ സംവിധാനം ചെയ്യുന്ന ചിത്രം കലാതീതമായി നിലനിൽക്കുന്ന ഒന്നാകണം, ചരിത്രപരമായ മൂല്യം അതിനു വേണം എന്നത് നിർബന്ധമായിരുന്നു. അതുതന്നെയായിരുന്നു എന്റെ ലക്ഷ്യവും.


ഇതിനൊപ്പം നിന്നവർ ആരെല്ലാമാണ്?

ചിത്രത്തിന്റെ രചന, സംവിധാനം, ഛായാഗ്രഹണം എന്നിവ ചെയ്തത് ഞാൻ തന്നെയാണ്. VFX ഉം അനിമേഷനും ചെയ്തത് എന്റെ സുഹൃത്ത് അഭിജിത് സജി ആണ്. സൗണ്ട് ഡിസൈൻ ചെയ്തത് നന്ദഗോപനാണ്. സംഗീതം നിർവഹിച്ചത് ഗോപിയാണ്. അഭിരാമിയാണ് ചിത്രയിൽ അഭിനയിച്ചിരിക്കുന്നത്.

സിനിമ കണ്ടപ്പോൾ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രതികരണം എന്തായിരുന്നു?

വളരെ പോസിറ്റീവ് ആയാണ് എല്ലാവരും പ്രതികരിച്ചത്. ഞാൻ പി.കെ. റോസിയെയാണ് അവതരിപ്പിക്കുന്നത് എന്നറിഞ്ഞപ്പോൾ വെല്ലുവിളി ഏറെയുള്ള അതെങ്ങനെ സ്‌ക്രീനിൽ മികച്ച രീതിയിൽ കൊണ്ടുവരിക എന്നതിൽ അടുത്ത സുഹൃത്തുക്കൾക്ക് ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ് എങ്ങനെ എക്സിക്യൂട്ട് ചെയ്യും എന്നതായിരുന്നു പ്രധാന ആശങ്ക. സിനിമയുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ എല്ലാം വളരെ നന്നായാണ് ചെയ്തത്. എന്നാൽ മേളയുടെ സിഗ്നേച്ചർ ഫിലിമിന്റെ ലിസ്റ്റ് പുറത്ത് വിട്ടത് വൈകിയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുന്നിൽ 20 ദിവസം മാത്രമേ ഉണ്ടായിരുന്നു. അതിനുള്ളിൽ ആണ് എല്ലാം ചെയ്ത് തീർത്തത്. എങ്കിൽകൂടിയും ഇതങ്ങനെ അവതരിപ്പിക്കണം എന്നതിനെപ്പറ്റി ഞങ്ങൾക്ക് നല്ല വ്യക്തയുണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com