സ്ഥലത്തുണ്ടായിരുന്ന ഐജി കെ. സേതുരാമനും ഡിഐജി അജീത ബീഗവും എന്ത് ചെയ്തു എന്നതിനെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമില്ല
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ഐജി, ഡിഐജി എന്നിവരെക്കുറിച്ച് പരാമർശമില്ലാതെ അന്വേഷണ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന ഐജി കെ. സേതുരാമനും ഡിഐജി അജീത ബീഗവും എന്ത് ചെയ്തു എന്നതിനെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമില്ല. പൂരം കലങ്ങിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി അടക്കുമുള്ള തുടർനടപടികൾക്കുള്ള ശുപാർശയും റിപ്പോർട്ടിലില്ല.
പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രം മാത്രമാണ് റിപ്പോട്ടിൽ ആകെയുള്ളത്. അതേസമയം സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരായ നടപടിയെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. പൂരം അവസാനിച്ചയുടൻ തന്നെ അങ്കിതിനെ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു എന്നാണ് പരാമർശം. എന്നാൽ നടപടി ഒന്നര മാസം വൈകിയത് തെരഞ്ഞെടുപ്പായതിനാലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവാണ് വീഴ്ചയായെതെന്നും റിപ്പോർട്ട്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്.
റിപ്പോർട്ട് ഉടനെ നൽകണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അന്ത്യശാസനമുണ്ടായിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ റിപ്പോർട്ട് എത്തിയത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തുന്നത്.