
അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ നീക്കം. മുംബൈ കേന്ദ്രീകരിച്ചും പരിശോധന നടത്താനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. രണ്ട് ഐഫോണുകൾ മുംബൈയിൽ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ഡൽഹിയിലെ ചോർ ബസാറിലും നടത്തുന്ന അന്വേഷണത്തിന് പുറമേയാണ് പൊലീസ് മുംബൈയിലേയ്ക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മോഷണം പോയ രണ്ട് ഐഫോണുകളുടെ സിഗ്നൽ ഇന്നലെ മുംബെയിലെ പൻവേലിൽ നിന്നും ലഭിച്ചിരുന്നു, ഇതോടെ അന്വേഷണ സംഘത്തിലെ മൂന്ന് പൊലീസുകാർ മുംബൈയിലേയ്ക്ക് പുറപ്പെട്ടു.
അലൻ വാക്കർ ഷോയിൽ മോഷണം നടത്തിയ പ്രതികളെ കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഇതിനിടയിലാണ് മോഷണം പോയ മൊബൈൽ ഫോണുകളുടെ സിഗ്നൽ രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നത്. മൊബൈൽ മോഷണം നടത്തിയത് കുപ്രസിദ്ധ മൊബൈൽ മോഷണ സംഘമായ അസ്‌ലം ഖാനും കൂട്ടരുമാണെന്ന സംശയം മാത്രമാണ് ഇപ്പോഴും പൊലീസിനുള്ളത്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.