
പി.ടി ഉഷ-എക്സിക്യൂട്ടീവ് കമ്മിറ്റി തര്‍ക്കത്തെ തുടർന്ന് ഇന്ത്യൻ ഒളിപിംക് അസോസിയേഷന് തിരിച്ചടി. ഇന്ത്യന്‍ ഒളിപിംക് അസോസിയേഷൻ്റെ ഫണ്ട് മരവിപ്പിച്ചതായി അന്താരാഷ്ട്ര ഒളിപിംക് കമ്മിറ്റി കത്ത് നൽകി. പ്രസിഡൻ്റ് പി.ടി. ഉഷയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം.
ഒക്ടോബർ എട്ടിന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അന്താരാഷ്ട്ര ഒളിപിംക് കമ്മിറ്റി ഈ തീരുമാനത്തിലെത്തിയത്. തുടർന്ന് ഇന്ന് കത്ത് വഴി, വിവരം ഇന്ത്യൻ ഒളിപിംക് അസോസിയേഷനെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ ഒളിപിംക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷയും, ട്രഷറർ സഹദേവ് യാദവും തമ്മിലുള്ള തർക്കം മുറുകിയതിനെ തുടർന്നാണ് കമ്മിറ്റി ഫണ്ട് മരവിപ്പിച്ചത്.
ഒളിപിംക് സ്കോളർഷിപ്പുകൾ ലഭിക്കുന്ന അത്‌ലറ്റുകൾക്ക് ഇനി മുതൽ കമ്മിറ്റി നേരിട്ട് ധനസഹായം നൽകുമെന്നും, ഇന്ത്യൻ ഒളിപിംക് അസോസിയേഷന് നൽകേണ്ട പണം നൽകില്ല എന്നും ഒളിപിംക് കമ്മിറ്റിയുടെ കത്തിൽ പറയുന്നു. ഇന്ത്യയിലെ കായികതാരങ്ങളുടെയും ഒളിംപിക്സ് പ്രസ്ഥാനത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത് ഐഒഎയ്ക്ക് ശരിയായി പ്രവർത്തിക്കാൻ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം ആവശ്യമാണ്. ഇതുവരെ കമ്മിറ്റി ഐഒഎയുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികളെല്ലാം നിഷ്ഫലമായതായും കമ്മിറ്റി കത്തിൽ അറിയിച്ചു.
ഒളിപിംക് അസോസിയേഷൻ്റെ അധ്യക്ഷയായ പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. അസോസിയേഷൻ മീറ്റിംഗിലെ മുഖ്യ അജണ്ടയായി ഈ വിഷയം മാറിയിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു.